രാജ്യന്തര ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞു

20131206083138തിരു : പതിനെട്ടാമത് രാജ്യന്തര ചലച്ചിത്രമേളക്ക് തലസ്ഥാനത്ത് തിരി തെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്തു. അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍മണ്ടേലക്ക് സദസ്സ്് ആദരാഞ്ജലി അര്‍പ്പിച്ചു.

പ്രസിദ്ധ സ്പാനിഷ് സംവിധായകനും ഫോട്ടോഗ്രാഫറുമായ കാര്‍ലോ സോറക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിച്ചു.

പ്രശസ്ത അഭിനേത്രി ശബാനാ ആസ്മി മുഖ്യ അതിഥിയായിരുന്നു. സിനിമക്ക് വളരാനും വികസിക്കാനുമുള്ള ചുറ്റുപാട് മറ്റുള്ള സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിലാണ് കൂടുതലെന്ന് അവര്‍ പറഞ്ഞു. മേളയിലെ ജനപങ്കാളിത്തം അതാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ലോക സിനിമകളെ അടുത്തറിയുന്നതിനുള്ള നല്ല അവസരമാണ് ചലച്ചിത്ര മേള എന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് പറഞ്ഞു. ഫെസ്റ്റിവെല്‍ ബുക്കിന്റെ പ്രകാശനം ടൂറിസം മന്ത്രി എപി അനില്‍കുമാര്‍ ശബാനാ ആസ്മിക്ക് നല്‍കി നിര്‍വ്വഹിച്ചു. ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. കാര്‍ലോ സോറയെ കുറിച്ച് നീലന്‍ രചിച്ച പുസ്തകം ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ നടി മഞ്ജുവാര്യര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോചി, ചലച്ചിത്ര അക്കാദമി വൈസ് ചെയ്ര്‍മാന്‍ ഗാന്ധിമതി ബാലന്‍, ഇടവേള ബാബു, സാബു ചെറിയാന്‍, ബീനാ പോള്‍ എന്നിവര്‍ സംബന്ധിച്ചു.

8 ദിവസത്തെ മേളയില്‍ 12 വേദികളിലായി 64 രാജ്യങ്ങളില്‍ നിന്നുള്ള 211 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മല്‍സര വിഭാഗം ഉള്‍പ്പെടെ 16 വിഭാഗങ്ങള്‍ മേളയിലുണ്ട്. ഇത്തവണ മേളയില്‍ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നത്.