ഹിലാരി ക്ലിന്റണ് നേരെ ചെരിപ്പേറ്; യുവതി പിടിയില്‍

downloadലാസ്‌വേഗസ് : മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ് നേരെ ചെരിപ്പേറ്. സംഭവത്തില്‍ ഒരു യുവതിയെ കസ്റ്റഡിയിലെടുത്തു. ലാസ്‌വേഗ്‌സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌ക്രാപ്പ് റിസൈക്ലിങ്ങ് ഇന്‍ഡസ്ട്രിയലിലെ പരിപാടിക്കിടയിലാണ് സംഭവം നടന്നത്. ഹിലാരി ക്ലിന്റണ്‍ വേദിയില്‍ എത്തിയ ഉടന്‍ തന്നെ സദസ്സില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ ഹിലാരിക്ക് നേരെ ഷൂ വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ചെരിപ്പ് ഹിലാരിയുടെ ശരീരത്തില്‍ തട്ടിയില്ല. ചെരിപ്പെറിഞ്ഞ സ്ത്രീയെ പരിപാടി സ്ഥലത്തു നിന്നു പുറത്താക്കുകയും പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

അതേസമയം ചെരിപ്പേറിനോട് ഹിലാരി നടത്തിയ പ്രതികരണം സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ത്തി. തനിക്ക് നേരെ ആരെങ്കിലും വല്ലതും എറിഞ്ഞതാണോ എന്ന് ചോദിച്ച അവര്‍ ഖരമാലിന്യ സംസ്‌കരണം ഇത്ര വിവാദ വിഷയമാണെന്ന് അറിഞ്ഞിരുന്നില്ല എന്നും പറഞ്ഞു. കൂടാതെ തന്നെ എറിഞ്ഞ സ്ത്രീക്ക് തന്നെപോലെ സോഫ്റ്റ് ബോള്‍ കളിക്കാന്‍ അറിയാതിരുന്നത് ഭാഗ്യമാണെന്നും ഹിലാരി പറഞ്ഞു.

ഹിലാരിക്ക് നേരെ എറിഞ്ഞ ഷൂ പിന്നീട് സദസ്സില്‍ നിന്നും കണ്ടെടുത്തു. പിടിയിലായ ഈ സ്ത്രീക്ക് ക്രിമിനല്‍ നിയമ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.