കേരളത്തിന് പരമാവധി സഹായം നൽകും:  കേന്ദ്രസംഘം

പ്രളയത്തിൽ തകർന്ന കേരളത്തിന് പരമാവധി സഹായം നൽകുമെന്ന് പ്രളയക്കെടുതി വിലയിരുത്താനായി ജില്ലയിലെത്തിയ ഇന്റർ മിനിസ്റ്റീരിയൽ കേന്ദ്രസംഘം. നൂറു വർഷത്തിനിടെ കേരളം നേരിട്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. നൽകാവുന്നതിൽ ഏറ്റവും മികച്ച സഹായം കേന്ദ്രം കേരളത്തിനു നൽകും.  കേന്ദ്രസർക്കാർ കേരളത്തിനൊപ്പമാണെന്നും മികച്ച പ്രവർത്തനമാണ് സംസ്ഥാന സർക്കാരും തൃശൂർ ജില്ലാ ഭരണകൂടവും നടത്തിയതെന്നും കേന്ദ്രസംഘാംഗങ്ങളായ നീതി ആയോഗ് അഡൈ്വസർ ഡോ. യോഗേഷ് ഷൂരി, അഭിലാഷ് മിശ്ര, കുടിവെള്ള വിതരണ-സാനിറ്റേഷൻ മന്ത്രാലയം അഡീഷണൽ അഡൈ്വസർ ഡോ. ദിനേഷ്ചന്ദ്, റോഡ് ഗതാഗതം-ഹൈവേ തിരുവനന്തപുരം റീജിയണൽ ഓഫീസർ വി.വി. ശാസ്ത്രി എന്നിവർ അഭിപ്രായപ്പെട്ടു.
എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം ജില്ലയിൽ സന്ദർശനം ആരംഭിച്ചു. ധനകാര്യ മന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജലവിഭവ മന്ത്രാലയം റിസോഴ്‌സ് കമ്മീഷണർ ടി.എസ്. മെഹ്‌റ, ദേശീയ ദുരന്ന നിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനിൽ കുമാർ സംഗ്വി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്.
പറവൂർ, ആലുവ, താലൂക്കുകളിലാണ് സംഘം സന്ദർശനം നടത്തുന്നത്. പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള കേന്ദ്ര സംഘത്തിനു മുന്നിൽ അവതരിപ്പിച്ചു. ഏഴാറ്റുമുഖത്താണ് കേന്ദ്ര സംഘം ആദ്യമെത്തിയത്. തുടർന്ന് കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളി, കുറുമ്പുന്തുരുത്ത്, ചേന്ദമംഗലം കൈത്തറി, മട്ടുപുറം, ചെമ്മായം പാലം, ഏലൂർ പിഎച്ച്‌സി, കാവിൽ ഗവ. ഫിഷ് ഫാം എന്നിവിടങ്ങളിൽ കേന്ദ്ര സംഘമെത്തി.
ആർ ഡി ഒ എസ്. ഷാജഹാൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി.ഷീല ദേവി, ഡി എം ഒ ഡോ. എൻ.കെ. കുട്ടപ്പൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ്, ആലുവ തഹസിൽദാർ കെ.ടി. സന്ധ്യാദേവി, പറവൂർ തഹസിൽദാർ ഹരീഷ്, ഹരിത കേരളം മിഷൻ കോ-ഓർഡിനേറ്റർ സുജിത് കരുൺ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഏഴാറ്റുമുഖത്ത് സന്ദർശനം നടത്തി. ഇടമലയാർ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ ബണ്ട് തകർന്നത് സംഘം സന്ദർശിച്ചു. പ്രളയത്തെ തുടർന്ന് ചാലക്കുടിപ്പുഴ ഗതി മാറിയൊഴുകിയതിനാലാണ് ബണ്ട് തകർന്നത്. തുടർന്ന് പ്രളയത്തിൽ തകർന്ന മേരി പവിയാനോസിന്റെ വീട് സംഘം സന്ദർശിച്ചു. റോജി ജോൺ എം എൽ എ പ്രദേശത്ത് തകർന്ന വീടുകളുടെ വിവരങ്ങൾ കേന്ദ്ര സംഘത്തിനു മുന്നിൽ വിശദീകരിച്ചു. ആറു പേർ മരിച്ച കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലും സംഘമെത്തി. പള്ളിയുടെ ഉൾവശത്തെ വിള്ളലുകളും സംഘം കണ്ടു. തുടർന്ന് കണക്കൻ കടവിൽ പ്രളയത്തിൽ പൂർണ്ണമായി തകർന്ന അഗസ്റ്റിൻ ദേവസിയുടെ വീട്ടിലും സംഘമെത്തി.
ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ആർ ഡി ഒ എസ്. ഷാജഹാൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീല ദേവി, പറവൂർ തന്നെ തഹസിൽദാർ ഹരീഷ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രളയത്തിൽ തകർന്നു വീണ് ആറുപേർ മരണപ്പെട്ട കുത്തിയതോട് സെന്റ്. ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളിമേട കേന്ദ്ര സംഘം സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കേന്ദ്ര സംഘം എത്തിയത്. തകർന്നു വീണ പള്ളിമേടയും പരിസരവും കേന്ദ്ര സംഘം വിശദമായി വീക്ഷിച്ചു. കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പ്രളയത്തിന്റെ ദുരിതങ്ങൾ സംഘത്തോട് വിവരിച്ചു. വി.കെ ഇബ്രാഹിം കുഞ്ഞ് എം എൽ എ യും സന്നിഹിതരായിരുന്നു. തുടർന്ന് സംഘം പള്ളിയും സന്ദർശിച്ചു. ഭിത്തികൾ പൊട്ടി അപകടത്തിൽ നിൽക്കുന്ന പള്ളി ഇതേ വരെ തുറന്നു കൊടുത്തിട്ടില്ല. കുർബാനകളും നടത്തിയിട്ടില്ല. പതിനഞ്ച് മിനിറ്റോളം കേന്ദ്ര സംഘം പള്ളിയിൽ ചെലവഴിച്ചു.
ആഗസ്റ്റ് 16 ന് വൈകീട്ട് ഏഴിനാണ് പ്രളയത്തെ തുടർന്ന് പള്ളിമേട തകർന്ന് ആറു പേർ മരിച്ചത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പള്ളിമേടയിൽ അഭയം തേടിയവരാണ് അപകടത്തിൽ പെട്ടത്. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിലും സന്നിഹിതനായിരുന്നു.
പറവൂർ താലൂക്കിലെ നാശനഷ്ടങ്ങൾ വിലയിരുത്താനായി കേന്ദ്രസംഘം സന്ദർശനം നടത്തി. കുറുമ്പൻതുരുത്ത് സെന്റ് ജോസഫ് പള്ളിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ നാശ നഷ്ടങ്ങൾ   വി.ഡി സതീശൻ എംഎൽഎ സംഘത്തിന് വിശദീകരിച്ച്  കൊടുത്തു. പള്ളിക്ക് സമീപമുണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലവും റോഡും ഇപ്പോൾ പുഴ കയ്യേറിയിരിക്കുകയാണ്. കുടിവെള്ള പൈപ്പും പ്രളയത്തിന്റെ കുത്തൊഴുക്കിൽ തകർന്നിരുന്നു. കുറുമ്പത്തുരുത്ത് സ്വദേശി എം.ടി ജോണിയുടെ വീടിന്റെ മുൻഭാഗത്തെ മുറിയുടെ അടിവശം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. വീടിന്റെ മറ്റു ഭാഗങ്ങളിൽ വിള്ളലും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ആറ് ദിവസത്തോളം ആറടി ഉയരത്തിലാണ് ഇവിടെ വെള്ളം കെട്ടി നിന്നത്. അതിന് ശേഷം ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൽ എത്തിയ ഉദ്യോഗസ്ഥർ നെയ്ത്ത് ശാലയും സന്ദർശിച്ചു. കൈത്തറിയിലെ എല്ലാ അസംസ്‌കൃത വസ്തുക്കൾക്കും നാശം സംഭവിച്ചു. ഏകദേശം ഏഴ് കോടി രൂപയുടെ നഷ്ടം കൈത്തറി മേഖലയ്ക്ക് ഉണ്ടായിട്ടുണ്ട്.
മാട്ടുപുറം മേഖലയിലെ ആയിരത്തോളം ഏത്തവാഴകൾക്ക് പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചു. ഓണത്തിന് മുന്നോടിയായി നടത്തിയ കൃഷിയാണ് വെള്ളം കയറി നശിച്ചത്. ഇവിടുത്തെ സന്ദർശനത്തിന് ശേഷം കോട്ടുവള്ളി പഞ്ചായത്തിലെ ചെമ്മായം പാലം പ്രളയത്തിൽ തകർന്നത് കാണാനും സംഘമെത്തി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പാലത്തിന്റെ നാല് തൂണുകളാണ് ഒലിച്ചുപോയത്. ഇപ്പോൾ അപകടാവസ്ഥയിലുള്ള പാലത്തിലൂടെ ഗതാഗതവും കാൽനടയാത്രയും പൂർണമായും നിരോധിച്ചിരിക്കുകയാണ്. പുഴയിൽ സ്ഥാപിച്ചിരുന്ന മത്സ്യക്കൂടുകളുടെയും ചീനവലകളുടെയും അവശിഷ്ടങ്ങൾ ശക്തിയായി ഇടിച്ചാണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. അഞ്ചടിയോളം വെള്ളം ഉയർന്ന ഈ പ്രദേശത്തെ വീടുകളുടെ മതിലുകൾ തകർന്നുകിടക്കുന്നതും സംഘം നിരീക്ഷിച്ചു.
പ്രളയക്കെടുതിയിൽ ഏറെ നാശനഷ്ടങ്ങൾ സംഭവിച്ച കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റർ നാഷണൽ ലിമിറ്റഡ് (കാവിൽ) കേന്ദ്ര സംഘം സന്ദർശിച്ചു. അലങ്കാര മത്സ്യങ്ങളുടെ ഉൽപ്പാദനവും കയറ്റുമതിയും വർധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കാവിൽ പ്രളയത്തെ തുടർന്ന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഒമ്പത് ഏക്കർ സ്ഥലത്ത് നിലകൊള്ളുന്ന കാവിൽ പൂർണമായും വെള്ളത്തിലായിരുന്നു. കേന്ദ്ര സംഘം കാവിൽ പരിസരം ചുറ്റി കാണുകയും നഷ്ടങ്ങളുടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വെള്ളം പൊങ്ങിയ അളവുകൾ രേഖപ്പെടുത്തി. സ്ഥിതിവിവരങ്ങളെ കുറിച്ച് കാവിൽ പ്രവർത്തകരോട് ചോദിച്ചറിയുകയും ചെയ്തു.
1.62 കോടിയുടെ നഷ്ടമാണ് കാവിലിന് സംഭവിച്ചിരിക്കുന്നത്. കൂടാതെ ട്രെയിനിങ് സെന്റെറിൽ 34.5 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ജനറേറ്റർ ഫർണിച്ചർ ഉൾപ്പെടെയുള്ള വൻ നഷ്മാണ് സംഭവിച്ചിരിക്കുന്നത്. എല്ലാ രേഖകളും പ്രളയത്തെ തുടർന്ന് നശിച്ചിട്ടുണ്ട്..
കേന്ദ്ര സംഘത്തോടൊപ്പം  വി.കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ, ആർ ഡി ഒ എസ് ഷാജഹാൻ,  ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ പി ഡി ഷീല ദേവി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് മഹേഷ് എന്നിവരും ഉണ്ടായിരുന്നു.
കേന്ദ്ര സംഘം ഇടുക്കി ജില്ലയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തി.  കലക്ടറേറ്റിൽ ജില്ലാ കലക്ടറും വിവിധ വകുപ്പുകളിലെ ജില്ലാ തല ഓഫീസർമാരുമായി പ്രാഥമിക ചർച്ചകൾക്കും ജില്ലയിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ ദൃശ്യങ്ങൾ അടക്കമുള്ള റിപ്പോർട്ടുകൾ വിലയിരുത്തിയതിനും ശേഷമാണ്  11 അംഗ കേന്ദ്ര സംഘത്തിന്റെ ടീം ലീഡറായ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷൽ സെക്രട്ടറി ബി.ആർ ശർമ്മയും ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി ധർമ്മ റെഡ്ഢിയുമടങ്ങുന്ന ടീം ഇടുക്കി ജില്ലയിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
ചെറുതോണി ടൗൺ, പെരുങ്കാല, കരിമ്പൻ പാലം, ഉപ്പുതോട്, പന്നിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്, പന്നിയാർകുട്ടി, പൊൻമുടി എസ് വളവ്, എല്ലക്കൽ, പള്ളിവാസൽ, മൂന്നാർ മേഖലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിലും കേന്ദ്ര സംഘാംഗങ്ങൾ സന്ദർശിച്ചു പൊതു സ്ഥാപനങ്ങൾക്കും നിർമ്മിതികൾക്കുമുണ്ടായ നാശ നഷ്ടങ്ങൾ വിലയിരുത്തി. കേന്ദ്ര സംഘത്തോടൊപ്പം ജില്ലാ കലക്ടർ ജീവൻ ബാബു.കെ, ആർ.ഡി.ഒ എം.പി വിനോദ് ,വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർ തുടങ്ങിയവർ അനുഗമിച്ചു.
പ്രളയത്തെ തുടർന്ന് തൃശൂർ ജില്ലയിൽ 2014 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ പ്രളയക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തോട് വിശദീകരിച്ചു. കൃഷി വകുപ്പിന് 160.036 കോടി രുപയുടേയും പൊതുമരാമത്ത് റോഡ് -ഗതാഗത വകുപ്പിനു കീഴിൽ 352.72 കോടി രൂപയുടേയും ഊർജമേഖലയിൽ 82 കോടിയുടേയും തൊഴിൽനഷ്ട ഇനത്തിൽ 400 കോടി രൂപയുടേയും നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ജില്ലാകളക്ടർ കേന്ദ്രസംഘാംഗങ്ങളെ ചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ അറിയിച്ചു.  തുടർന്ന് ചാലക്കുടി നഗരസഭയിലെ  വി.ആർ.പുരത്തെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘം ആദ്യം സന്ദർശനം നടത്തിയത്. ക്യാമ്പിലെ 14 കുടുംബങ്ങളിലെ 44 അംഗങ്ങളുമായി സംഘം ആശയവിനിമയം നടത്തി.
ശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. ബി.ഡി.ദേവസി എം.എൽ.എ. ആശുപത്രിയിലുണ്ടായ നാശനഷ്ടത്തെക്കുറിച്ച് സംഘത്തോട് വിശദീകരിച്ചു. തുടർന്ന് കാടുകുറ്റി പഞ്ചായത്തിലെ ജാതികൃഷി നാശവും വൈന്തല വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയും പ്രളയത്തിൽ തകർന്ന വൈന്തല തൈക്കൂട്ടം തുക്കുപ്പാലവും കേന്ദ്രസംഘം സന്ദർശിച്ചു. മാള പഞ്ചായത്തിൽ തകർന്ന കോട്ടമുറി-കൊടുവത്ത്കുന്ന് പാലം, സമീപത്തെ പൂർണമായും ഭാഗികമായും തകർന്ന വീടുകളും സന്ദർശിച്ച് നിലവിലുള്ള സാഹചര്യം വീട്ടുകാരോട് ചോദിച്ചറിയുകയും ചെയ്തു. കരുവന്നൂർ പുഴ ഗതിമാറിയൊഴുകി തകർന്ന ആറാട്ടുപുഴ വില്ലേജിലെ ആറാട്ടുപുഴ റോഡ്, പല്ലിശ്ശേരി ചിറ അംബേദ്ക്കർ ദുരിതാശ്വാസ ക്യാമ്പ്, പണ്ടാരച്ചിറ കോളനി എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.
ഉച്ചക്കുശേഷം വെട്ടുകാട് പുത്തൻകാട് പ്രദേശത്ത് മലയിടിഞ്ഞ ഭാഗങ്ങളും തകർന്ന വീടുകളും മണ്ണുവിണ്ടു കീറിയ പ്രദേശങ്ങളിലും സംഘം സന്ദർശനം നടത്തി പ്രദേശ വാസികളിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൈനൂർ കോക്കാത്ത് പ്രദേശത്തെ കുന്നിടിച്ചിലിൽ തകർന്ന പ്രദേശങ്ങളും സംഘം സന്ദർശിച്ചു. ഉരുൾപ്പൊട്ടലിൽ 19 ആളുകൾ മരിക്കുകയും വൻ നാശനഷ്ടം ഉണ്ടാവുകയും ചെയ്ത കുറാഞ്ചേരിയിലും കേന്ദ്രസംഘം എത്തി വിലയിരുത്തൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, നഗരസഭ വൈസ്‌ചെയർമാൻ അനൂപ് കിഷോർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ കേന്ദ്രസംഘത്തോട് അപകടവും നാശനഷ്ടവും വിശദീകരിച്ചു. ചീരക്കുഴി ഡാമിന്റെ തകർന്ന ഭാഗങ്ങളിലും സന്ദർശനം നടത്തിയാണ് സംഘം മടങ്ങിയത്.  ജില്ലാകളക്ടർ ടി.വി. അനുപമ, ഡെപ്യൂട്ടി കളക്ടർ എം.ബി. ഗിരീഷ്, ഡിസാസ്റ്റർ മാനേജ്‌മെൻറ് ഡെപ്യൂട്ടി കളക്ടർ ബാബു സേവ്യർ ഉൾപ്പടെ വിവിധ ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.
കോഴിക്കോട് ജില്ലയിലെ പ്രളയബാധിതപ്രദേശങ്ങൾ സന്ദർശിച്ച സംഘത്തിലെ അംഗങ്ങൾ ഡോ. ബി രാജേന്ദർ ( ജോ. സെക്രട്ടറി മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, കോ-ഓപറേഷൻ ആന്റ് ഫാർമേഴ്‌സ് ), വന്ദന സിംഗാൾ (ചീഫ് എൻജിനീയർ, മിനിസ്ട്രി ഓഫ് പവർ ), കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ധരംവീർ ഝാ, പൊന്നു സാമി ( ഡിപ്പാർട്‌മെൻറ് ഓഫ് അഗ്രികൾച്ചർ) എന്നിവരാണ്. ഹസാഡ് അനലിസ്റ്റ് ജി എസ് പ്രദീപ് സംഘത്തെ അനുഗമിച്ചു. ഉരുൾപൊട്ടലിൽ 14 പേർ മരിച്ച കരിഞ്ചോലമലയിലാണ്് സംഘം ആദ്യം സന്ദർശനം നടത്തിയത്. ഉരുൾപൊട്ടി വ്യാപകമായ നാശനഷ്ടങ്ങളുണ്ടായ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, മണ്ണിടിഞ്ഞ് റോഡ് തകർന്ന വയനാട് ചുരം എന്നിവിടങ്ങളിലും കേന്ദ്ര സംഘം സന്ദർശനം നടത്തി.
കലക്ടർ യു.വി.ജോസിന്റെ സാന്നിധ്യത്തിൽ കോഴിക്കോട്ട് ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രളയക്കെടുതികളും കാലാവസ്ഥാ ദുരന്തങ്ങളും വിലയിരുത്തി. സബ് കലക്ടർ വി. വിഘ്‌നേശ്വരി, ഡെപ്യൂട്ടി കലക്ടർ കെ. റംല ( ദുരന്തനിവാരണം ), കോഴിക്കോട് തഹസിൽദാർ കെ. ടി. സുബ്രഹ്മണ്യൻ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

Related Articles