അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റില്‍ 65 സിനിമകള്‍ പ്രദര്‍ശിപ്പിക്കും

ദോഹ: അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ 30 രാജ്യങ്ങളില്‍ നിന്നായി 65 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അബ്ദുല്‍ അസീസ് അല്‍ കതറും അജിയാല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഫാത്തിമ അല്‍ റെമയ്ഹിയും കത്താറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എട്ടു വയസ്സിനും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്കു വേണ്ടിയാണ് 26 മുതല്‍ 30 വരെ അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നത്.
ദോഹ ഫിലിം എക്‌സിപീരിയന്‍സ്, ഫാമിലി വീക്കന്റ്, ഒത്താക്കു എക്‌സിബിഷന്‍, ദി സാന്റ് ബോക്‌സ് എന്നിവയാണ് അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടക്കുക.
മൊഹാഖ്, ഹിലാല്‍, ബദര്‍ വിഭാഗങ്ങളിലായാണ് ചലച്ചിത്ര മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഓരോ വിഭാഗത്തിലും 45000 ഡോളര്‍ വീതമാണ് സമ്മാനത്തുകയാണ് വിതരണം ചെയ്യുക. മൊഹാഖ് വിഭാഗത്തില്‍ നാല് ഫീച്ചര്‍ സിനിമകളും ആറ് ഷോര്‍ട്ട് സിനിമകളും ഹിലാല്‍, ബദര്‍ വിഭാഗങ്ങളില്‍ നാല് ഫീച്ചര്‍ ചിത്രങ്ങളും എട്ട് ഹൃസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ജപ്പാനില്‍ നിന്നുള്ള ഹയാവോ മിയാസാക്കിയുടെ അനിം ചിത്രമായ ദി വിന്‍ഡ് റൈസസ് ആണ് ഉദ്ഘാടന സിനിമ. ദി വിന്‍ഡ് റൈസസ് കൂടാതെ ഗാര്‍ഡന്‍ ഓഫ് വേര്‍ഡ്‌സ്, വോയ്‌സസ് ഓഫ് എ ഡിസ്റ്റന്റ് സ്റ്റാര്‍ തുടങ്ങിയ അനിം ചിത്രങ്ങളും അജിയാലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രത്യേകമായുള്ള മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തില്‍ ഖത്തര്‍ സ്വദേശികള്‍ നിര്‍മിച്ച 11 സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്. അമല്‍ അല്‍ മുഫ്തയുടെ അല്‍കൂറ, നോറ അല്‍ സുബൈയുടെ മൈ ഹീറോ, ജവഹര്‍ അല്‍ കതറിന്റെ വണ്‍ ഇന്‍ ഫൈവ്, അലി അല്‍ മെസ്ഫിയുടെ റസ്ഫ, അലി അല്‍താനിയുടെ സോന്ദര്‍, ദാന അന്‍ നത്‌ഷേയുടെ സ്വീറ്റ് വയലന്‍സ്, അല്‍ റയ്യാന്‍ ചാനലിന് വേണ്ടി പാവല്‍ ബൊറോവ്‌സ്‌കി തയ്യാറാക്കിയ ബതല്‍ വ റെസാല എന്നിവയോടൊപ്പം ശൈഖ അലി സംവിധാനം ചെയ്ത മലയാളത്തിലുള്ള ടൂത്ത് ഫെയറിയും മെയ്ഡ് ഇന്‍ ഖത്തറിലുണ്ട്.
ഒത്താക്കു എക്‌സിബിഷനില്‍ അനിം ശില്‍പങ്ങളുടെ പ്രദര്‍ശനമാണ് നടക്കുക. 27 മുതല്‍ 30 വരെ കത്താറ ബില്‍ഡിംഗ് അഞ്ചിലാണ് ഒത്താക്കു എക്‌സിബിഷന്‍.
ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, മെക്‌സിക്കോ, ഫലസ്തീന്‍, ഖത്തര്‍, സ്‌പെയിന്‍, യു കെ, യു എസ് എ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകള്‍ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ദോഹ ഫിലിം എക്‌സ്പീരിയന്‍സില്‍ എട്ടിനും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 21 ഹൃസ്വചിത്രങ്ങളും എട്ട് ഫീച്ചര്‍ സിനിമകളും കാണാനുള്ള അവസരമുണ്ട്.
ചര്‍ച്ച, ശില്‍പശാല, സംവിധായകരുമായി ചോദ്യോത്തരങ്ങള്‍ എന്നിവയിലും പങ്കെടുക്കാനാവും.
കത്താറയില്‍ 29, 30 തിയ്യതികളില്‍ ഫാമിലി വീക്കെന്റിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
കുടുംബങ്ങള്‍ക്ക് ചലച്ചിത്ര നിര്‍മാണത്തിലും കഥപറയല്‍ ശില്‍പശാലയിലും വിവിധ പരിപാടികളിലും പങ്കെടുക്കാന്‍ അവസരമുണ്ടാകും.