ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബാള്‍: വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിന്‍  മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍  ഇന്ന് (27) വൈകിട്ട് മൂന്ന് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കായിക യുവജനകാര്യാലയവും തദ്ദേശ സ്വയം ഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും യുവജനക്ഷേമ ബോര്‍ഡും നെഹ്‌റു യുവകേന്ദ്രയും നാഷണല്‍ സര്‍വീസ് സ്‌കീമും യുവജന സംഘടനകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളില്‍ ഇതോടനുബന്ധിച്ച് പരിപാടികള്‍ നടക്കും. വൈകിട്ട് മൂന്നു മുതല്‍ രാത്രി ഏഴു മണി വരെയാണ് പരിപാടി.

തിരുവനന്തപുരത്ത് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, തിരുവനന്തപുരം നഗരസഭാ മേയര്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം ഏഴിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍  മുഖ്യമന്ത്രി v/s  സ്പീക്കര്‍ ഇലവന്‍ സെലിബ്രിറ്റി ഫുട്‌ബോള്‍ മത്‌സരം നടക്കും. നിയമസഭാംഗങ്ങള്‍ മത്‌സരത്തില്‍ പങ്കെടുക്കും.  അതിനുശേഷം ഐ. എ. എസ്., ഐ. പി. എസ് ഉദ്യോഗസ്ഥരുടെ ഫുട്‌ബോള്‍ മത്സരവും നടക്കും.