തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഫ്‌ളക്‌സ്‌ ഒഴിവാക്കണം

Untitled-1 copyതിരു: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള പൊതു തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ പി.വി.സി. ഫ്‌ളക്‌സ്‌ ഒഴിവാക്കണമെന്ന്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സംസ്ഥാനത്തൊട്ടാകെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പോളിവിനൈല്‍ ക്ലോറൈഡ്‌ ഫ്‌ളക്‌സ്‌ വലിയ തോതില്‍ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ ഇവ പുന:ചംക്രമണം ചെയ്യാന്‍ സാധിക്കാത്തതും കത്തിക്കുമ്പോള്‍ ഡയോക്‌സിന്‍, ഫ്യൂറാന്‍ പോലുള്ള കാന്‍സര്‍ജന്യമായ വിഷ രാസ പദാര്‍ഥങ്ങള്‍ പുറംതള്ളുന്നതും മാരക രോഗങ്ങള്‍ക്കും ജീവന്റെ നിലനില്‍പ്പിന്‌ ഭീഷണിയുമാണ്‌.

ഇത്തരം ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്ക്‌ പകരം അതേ ഗുണമേന്മയിലും വിലയിലും ലഭിക്കുന്ന റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തലീന്‍, തുണി, പേപ്പര്‍ തുടങ്ങിയ പ്രകൃതി സൗഹാര്‍ദ്ദ വസ്‌തുക്കള്‍ മാത്രം ഉപയോഗിച്ച്‌ പ്രചാരണം നടത്തണമെന്ന്‌ എല്ലാ രാഷ്‌ട്രീയ കക്ഷികളോടും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അഭ്യര്‍ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്ക്‌ 2015-ല്‍ നടത്തുന്ന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെയും യോഗത്തില്‍ ഫ്‌ളക്‌സ്‌ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പൊതു സ്ഥലങ്ങളിലും പൊതു വീഥികളുടെ വശങ്ങളിലും പരസ്യാര്‍ഥം ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതുമൂലം പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പി.വി.സി. ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി 2014 നവംബറില്‍ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നതായും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വ്യക്തമാക്കി.