പെരുമാറ്റ ചട്ടലംഘനം: ഇ. അഹമ്മദിന് ഇലക്ഷന്‍ കമ്മീഷന്‍ താക്കീത്

mos-e-ahamed_350_031612093635കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് മലപ്പുറം മണ്ഡലം ഐ.യു.എം.എല്‍ സ്ഥാനാര്‍ഥി ഇ. അഹമ്മദിന് ഇലക്ഷന്‍ കമ്മീഷന്‍ താക്കീത് നല്‍കി. സ്ഥാനാര്‍ഥിയുടെ റോഡ് ഷോയ്ക്ക് അനുവദിച്ചതിലധികം വാഹനം ഉപയോഗിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് താക്കീത് നല്‍കിയത്.

കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടിയില്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് നടത്തിയ പ്രചാരണം പെരുമാറ്റ ചട്ടലംഘനമാണെന്ന് ശ്രദ്ധയില്‍പ്പെട്ട തെരഞ്ഞെടുപ്പ് നിരീക്ഷകരായ പ്രേം നാരായണ്‍, എസ്.എന്‍ റോയ് എന്നിവര്‍ സ്ഥാനാര്‍ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റായ പി. അബ്ദദുല്‍ ഹമീദിനെ വിളിച്ച് വരുത്തി താക്കീത് നല്‍കുകയായിരുന്നു.

പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് എടുക്കണമെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു. വാഹന പ്രചാരണം നടത്തുമ്പോള്‍ ഗതാഗത തടസ്സമുണ്ടാവരുതെന്നും കലക്റ്റര്‍ അറിയിച്ചു.