മരുന്നുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗികളുടെ ശസ്ത്രക്രിയ മുടങ്ങി

images (1)തിരു: മരുന്നുകള്‍ ലഭിക്കാത്തതിനെതുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലെ അറുപതോളം രോഗികളുടെ ശസ്ത്രക്രിയയാണ് മുടങ്ങിയത്. വിദേശത്തു നിന്നും മരുന്നുകള്‍ കൊണ്ടു വരുന്നത് കേന്ദ്രം ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിര്‍ത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. കൃത്യസമയത്ത് ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് പലരുടെയും കാഴ്ച ശക്തി കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

പ്രധാന ഓപ്പറേഷനുകള്‍ നടത്തിയതിന് ശേഷം രോഗികള്‍ക്ക് തലച്ചോറില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള രക്തസ്രാവം തടയാനായി ഉപയോഗിക്കുന്ന ഒനിക്‌സ് 18, പിവിഎ പാര്‍ട്ടിക്കിള്‍സ് തുടങ്ങിയ മരുന്നുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കാത്തത്. കഴിഞ്ഞ 8 മാസത്തോളമായി ഈ മരുന്നുകള്‍ കേന്ദ്രം ഡ്രഗ്‌സ് കണ്‍ട്രോളര്‍ അകാരണമായി നിര്‍ത്തിവെച്ചത് രോഗികളെ വലച്ചിരിക്കുകയാണ്.

ഒരു ഡോസിന് 36,000 രൂപയിലേറെ വില വരുന്നുണ്ടെങ്കിലും രോഗികള്‍ ഇത് വാങ്ങാന്‍ തയ്യാറാണ്. എന്നാല്‍ മരുന്നു ലഭിക്കാത്തത് രോഗികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. മരുന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യക്ക് കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.