ദോഹയില്‍ പുതിയ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമത്തിന്‌ അംഗീകാരം

Untitled-1 copyദോഹ:  പുതിയ സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിന് അമീറിന്റെ അംഗീകാരം. പ്രവാസികളുടെ  വരവും പോക്കും താമസവും സംബന്ധിച്ചുള്ള  2015ലെ 21-ാം നമ്പര്‍ നിയമ(കഫാല)ത്തിലാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി ഒപ്പുവച്ചത്.

അമീര്‍ അംഗീകരിച്ച നിയമം രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നടപ്പാക്കണം. ഈ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷത്തിനുശേഷമാണ് പ്രാബല്യത്തിലാവുകയെന്ന് അമീറിന്റെ ഉത്തരവിനെ ഉദ്ധരിച്ച് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള നിയമത്തില്‍ നിന്നും കാതലായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ നിയമം.

നിലവിലെ നിയമത്തില്‍ ഉപയോഗിച്ച സ്‌പോണ്‍സര്‍ (കഫീല്‍), സ്‌പോണ്‍സര്‍ഷിപ്പ് (കഫാല), എക്‌സിറ്റ് പെര്‍മിറ്റ് (തഷീര അല്‍ ഖുറൂജ്) തുടങ്ങിയ വാക്കുകള്‍ പുതിയ നിയമത്തില്‍ ഉണ്ടാവില്ല. പകരം തൊഴിലുടമ (എംപ്ലോയര്‍), തൊഴിലാളി (എംപ്ലോയി), അല്ലെങ്കില്‍ വിദേശ തൊഴിലാളി (എക്‌സ്പാറ്റ് വര്‍ക്കര്‍) എന്നീ പേരുകളാണ് ഉപയോഗിക്കുക. വിദേശ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ഒപ്പുവെയ്ക്കുന്ന തൊഴില്‍ കരാറിന്റെ ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയാണ് തൊഴിലാളികള്‍ ഖത്തറിലെത്തുക.

തൊഴില്‍ കരാറിന്റെ പരമാവധി കാലാവധി അഞ്ചുവര്‍ഷമായിരിക്കുമെന്നാണ് സൂചനകളില്‍ നിന്നും ലഭിക്കുന്ന വിവരം. തൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകാനുള്ള എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കുക ആഭ്യന്തര മന്ത്രാലയമായിരിക്കും. തൊഴിലാളി നാട്ടിലേക്ക് പോകുന്നതിന് മൂന്ന് ദിവസം മുമ്പ് വിവരം തൊഴില്‍ ദാതാവിനെ അറിയിക്കണം. സ്‌പോണ്‍സര്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചാല്‍ മാത്രമാണ് നിലവില്‍ വിദേശ തൊഴിലാളിക്ക് രാജ്യം വിട്ടുപോകാന്‍ സാധിക്കുക.

തൊഴിലാളിക്കെതിരെ കേസുണ്ടെങ്കില്‍ കോടതിക്കോ പബ്ലിക്ക് പ്രോസിക്യൂഷനോ മറ്റ് നിയമ സ്ഥാപനങ്ങള്‍ക്കോ മാത്രമെ യാത്ര തടയാന്‍ അധികാരമുണ്ടാവുകയുള്ളു. 2009ലെ നാലാം നമ്പര്‍ സ്‌പോണ്‍സര്‍ഷിപ്പ് (ഖഫാല) നിയമം റദ്ദാക്കി പുതിയ നിയമം നടപ്പാക്കുമെന്ന് 2014 മെയ് 14നാണ് ഔദ്യോഗികമായി അറിയിപ്പുണ്ടായത്. എക്‌സിറ്റ് പെര്‍മിറ്റ്, എന്‍ ഒ സി എന്നിവയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അന്ന് അറിയിച്ചിരുന്നു. ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തിയാണ് ശൂറാ കൗണ്‍സില്‍ കരട് നിയമം ക്യാബിനറ്റിന് കൈമാറിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ശിപാര്‍ശകളോടെയാണ് നിയമം അംഗീകരിച്ചിരിക്കുന്നതെങ്കില്‍ പ്രവാസികള്‍ക്ക് അധികം ആഹ്ലാദിക്കാന്‍ വകയുണ്ടാകില്ലെന്നും സൂചനകളുണ്ട്.

2009ലെ നാലാം നമ്പര്‍ ഭേദഗതി നിയമത്തിലെ ഏഴ്, 21 വകുപ്പുകളിലാണ് കാര്യമായ ഭേദഗതി വരുത്തിയിരിക്കുന്നത്. പ്രവാസികളുടെ തൊഴില്‍മാറ്റം, എക്‌സിറ്റ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പുകള്‍. സ്‌പോണ്‍സറുടെ കീഴില്‍ തൊഴിലെടുക്കുന്നവര്‍ക്ക് കരാര്‍ കാലാവധിയുടെ ഇരട്ടി വര്‍ഷം തൊഴിലെടുത്ത ശേഷമേ തൊഴില്‍ മാറാന്‍ അനുമതി നല്‍കാവു എന്നാണ് ശൂറാ കൗണ്‍സിലിന്റെ ഭേദഗതിയെന്ന് പ്രാദേശിക അറബ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അങ്ങനെയാണെങ്കില്‍ രണ്ടുവര്‍ഷത്തെ കരാര്‍ കാലാവധിയുള്ളവര്‍ക്ക് നിലവിലെ സ്‌പോണ്‍സറുടെ കീഴില്‍ നാലുവര്‍ഷം തൊഴിലെടുക്കേണ്ടിവരും. ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ നിര്‍ദേശാനുസരണം തയ്യാറാക്കിയ കരട് സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ രണ്ടു വര്‍ഷത്തെ കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ തൊഴില്‍ മാറാമെന്നായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ഇതിലാണ് ശൂറാകൗണ്‍സില്‍ ഭേദഗതി നിര്‍ദേശിച്ചത്.

ഓപ്പണ്‍ കരാര്‍ പ്രകാരം തൊഴിലെടുക്കുന്നവര്‍ക്ക് പത്തു വര്‍ഷത്തിനുശേഷം മാത്രമെ തൊഴില്‍ മാറാന്‍ അനുമതി നല്‍കാവു എന്ന ഭേദഗതിയും ശൂറാ കൗണ്‍സില്‍ നല്‍കിയിരുന്നു. ബന്ധപ്പെട്ട അതോറിറ്റിയുടെയും തൊഴില്‍ മന്ത്രാലയത്തിന്റെയും അനുമതിയോടെ മാത്രമേ തൊഴില്‍ മാറാനാവുകയുള്ളു. കരട് നിയമത്തില്‍ ഓപ്പണ്‍ കരാറുള്ളവര്‍ക്ക് അഞ്ചുവര്‍ഷം പൂര്‍ത്തിയായാല്‍ തൊഴില്‍ മാറാന്‍ അനുമതി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. തൊഴിലുടമയുടെ അനുമതി ഇല്ലാതെ തൊഴിലാളിക്ക് രാജ്യം വിടാന്‍ അനുമതി നല്‍കിക്കൊണ്ടുള്ളതാണ് ഏഴാം വകുപ്പ്. എന്നാല്‍, പോകുന്നതിന് മൂന്ന് ദിവസം മുമ്പ് ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം അറിയിക്കണം.

രാജ്യത്തിന് പുറത്തേക്കു പോകുന്നതിന് എക്‌സിറ്റ് പെര്‍മിറ്റിനായി ആദ്യം തൊഴിലുടമയെ സമീപിക്കണമെന്നാണ് ശൂറാ കൗണ്‍സിലിന്റെ ഭേദഗതി.  തൊഴിലുടമ എക്‌സിറ്റ് പെര്‍മിറ്റ് അപേക്ഷ നിരസിക്കുകയാണെങ്കില്‍  ആഭ്യന്തര മന്ത്രാലയം തയാറാക്കിയ ഗ്രീവന്‍സ് കമ്മിറ്റിയെ സമീപിക്കാം.

അടിയന്തര സാഹചര്യങ്ങളില്‍ ഈ കമ്മിറ്റിക്ക് തൊഴിലുടമയുമായി ബന്ധപ്പെടാതെ തന്നെ തൊഴിലാളിക്ക് എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കാമെന്നും ശൂറാ കൗണ്‍സില്‍ ഭേദഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.