ദോഹ ഹമദ്‌ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ രണ്ടാമത്തെ കാര്‍ഗോ ടെര്‍മിനല്‍ നിര്‍മിക്കുന്നു

download (1)ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ കുറേക്കൂടി വലിയ രണ്ടാമതൊരു കാര്‍ഗോ ടെര്‍മിനല്‍ കൂടി നിര്‍മിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്‌സിന്റെ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷി കാര്യമായി വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കുമെന്ന് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അകബര്‍ അല്‍ബാക്കിര്‍ പറഞ്ഞു.
2018ലാണ് പുതിയ ടെര്‍മിനല്‍ തുറക്കാന്‍ ലക്ഷ്യമിടുന്നത്. അതോടെ ഖത്തര്‍ എയര്‍വേയ്‌സിന്റെ കാര്‍ഗോ കൈകാര്യശേഷി, വര്‍ഷം 14 ലക്ഷം ടണ്‍ എന്നതില്‍ നിന്ന് 44 ലക്ഷം ടണ്ണായി ഉയരും. അയാട്ട ഇന്റര്‍നാഷനല്‍ എഫ് ടി കെയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ഗോ എയര്‍ലൈനാണ് ഖത്തര്‍ എയര്‍വേയ്‌സ്. അഞ്ചു വര്‍ഷം കൊണ്ടാണ് 16-ാം സ്ഥാനത്തു നിന്ന് കമ്പനി മൂന്നാം സ്ഥാനത്തെത്തിയത്. എട്ട് എയര്‍ബസ് 330, എട്ട് ബോയിംഗ് 777, ഒരു ബോയിംഗ് 747 എന്നിവ ഖത്തര്‍ എയര്‍വേയ്‌സിന് ചരക്കുവിമാനങ്ങളായുണ്ട്.
നിലവിലുള്ള വികസന പദ്ധതി പൂര്‍ത്തിയായാല്‍ ഭാവിയില്‍ ചരക്കു കടത്തു ശേഷി 70 ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അല്‍ബാക്കിര്‍ പറഞ്ഞു. ക്യു ആര്‍ ഇക്വിന്‍, ക്യു ആര്‍ എക്‌സ്പ്രസ് എന്നീ രണ്ടു സ്‌പെഷ്യാലിറ്റി സേവനങ്ങളുടെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടന്നു. കുതിരകളെ കൊണ്ടുപോകാനുള്ള ലോക നിലവാരത്തിലുള്ള സംവിധാനമാണ് ക്യു ആര്‍ ഇക്വിന്‍. ലോകത്തെ 150ഓളം സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി കുതിരകളെ എത്തിക്കാനുള്ള സംവിധാനം ഖത്തര്‍ എയര്‍വേയ്‌സിനുണ്ട്. ഏറ്റവും വേഗതയിലും ലളിതമായ നടപടി ക്രമങ്ങളിലൂടെയും ചരക്കുകകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള സംവിധാനമാണ് ക്യുആര്‍ എക്‌സ്പ്രസ്.
1997ല്‍ ആരംഭിച്ച ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോ സര്‍വീസ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കാര്യമായ വളര്‍ച്ചയാണ് കൈവരിച്ചത്.