ദോഹ ഗറഫാ ഗ്യാസ്‌ ദുരന്തത്തില്‍ നാലുപേര്‍ കുറ്റക്കാര്‍: 5 വര്‍ഷം തടവ്‌


ദുരുന്തത്തില്‍ കൊല്ലപ്പെട്ടത്‌ 11 പേര്‍, 5 ഇന്ത്യക്കാര്‍

qutar newsദോഹ: ഗറാഫ ഗ്യാസ് ദുരന്തത്തില്‍ നാലു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2014 ഫെബ്രുവരി 27നുണ്ടായ ഗ്യാസ് പൊട്ടിത്തെറിയില്‍ അഞ്ചു ഇന്ത്യക്കാരുള്‍പ്പടെ 11  പേരാണ് മരിച്ചത്. 42 പേര്‍ക്ക് പരുക്കേറ്റിരുന്നു.
കേസിലെ ആദ്യ രണ്ടു പ്രതികളായ ഖത്തര്‍ ഗ്യാസ് ഗ്രൂപ്പ് ജനറല്‍ സൂപ്പര്‍വൈസര്‍ ഈജിപ്ഷ്യന്‍ സ്വദേശിക്കും വുഖൂദ് സുപ്പര്‍വൈസര്‍ ഇന്ത്യക്കാരനും അഞ്ചുവര്‍ഷം വീതവും  ഇസ്താംബൂള്‍ റസ്റ്റോറന്റിലെ ബെയ്ക്കര്‍, അക്കൗണ്ടന്റ് എന്നിവര്‍ക്ക് രണ്ടുവര്‍ഷം വീതവുമാണ് തടവുശിക്ഷ വിധിച്ചത്. ബെയ്ക്കറും അക്കൗണ്ടന്റും തുര്‍ക്കി സ്വദേശികളാണ്.
തടവുശിക്ഷയ്ക്കു പുറമെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കു ദയാധനവും പരുക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്.
600 മുതല്‍ 12,000 ഖത്തര്‍ റിയാല്‍ വരെ നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നതെന്ന് പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
മില്യണ്‍ കണക്കിന് റിയാല്‍ നഷ്ടപരിഹാരം വേണമെന്നാണ് ഇരകളുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഗറാഫ ലാന്റ്മാര്‍ക്ക് പെട്രോള്‍ സ്‌റ്റേഷനു സമീപം ഇസ്താംബുള്‍ റസ്റ്റോറന്റിനു മുകളിലെ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നാലു വിദേശികള്‍ക്കെതിരെ മാത്രമായിരുന്നു കേസെടുത്തത്.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും വാദം വിശദമായി കേട്ടശേഷമാണ് ക്രിമിനല്‍ കോടതി ജഡ്ജി വിധി പ്രസ്താവം നടത്തിയത്.
ദുരന്തത്തിന് കാരണം ഹോട്ടലില്‍ ഉപയോഗിച്ചിരുന്ന ഓവന്റെ ഗ്യാസ് വാള്‍വ് അടയ്ക്കാത്തതായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മനഃപൂര്‍വമല്ലാത്ത നരഹത്യ, മനഃപൂര്‍വമല്ലാതെയോ അവിചാരിതമായോ അപായപ്പെടുത്തല്‍, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയിരുന്നത്.
ഇതിനു പുറമെ പൊട്ടിത്തെറിയില്‍ ഓരോരുത്തരുടെയും പങ്കും കുറ്റപത്രത്തില്‍ വ്യക്തമായി വിശദീകരിച്ചിരുന്നു.
റസ്‌റ്റോറന്റിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ വുഖൂദ് ഗ്യാസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കാതെ ജോലിയില്‍ ഉപേക്ഷ കാണിച്ചതാണ് ഇന്ത്യക്കാരനെതിരെയുള്ള കുറ്റാരോപണം.
അറ്റകുറ്റപ്പണികള്‍ക്കു ശേഷം യാതൊരു പരിശോധനയും കൂടാതെ പുതിയ ഗ്യാസ് ലൈന്‍ കണക്ഷന്‍ നല്‍കി അശ്രദ്ധ കാണിച്ചതിനാണ് ഈജിപ്ഷ്യന്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്.
ഓവന്‍ വാല്‍വ് ശരിയായി അടയ്ക്കാതെ വീഴ്ച വരുത്തിയതിനാണ് തുര്‍ക്കിഷ് ബെയ്ക്കര്‍ക്കെതിരെയുള്ള കുറ്റം.
റസ്റ്റോറന്റിലെ മുഴുവന്‍ ഗ്യാസ് വാല്‍വുകളും ശരിയായ രീതിയില്‍ അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാതെ ജോലിയില്‍ അശ്രദ്ധ കാണിച്ചതിനാണ് അക്കൗണ്ടന്റിനെതിരെയുള്ള കുറ്റാരോപണം.
അതേസമയം നാലുപേരും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഈ നാലുപേര്‍ക്കുമെതിരായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി വിശദമായി പരിശോധിച്ച്, സാക്ഷിമൊഴികളും കേട്ടശേഷമാണ്  വിധി പ്രസ്താവം നടത്തിയത്.
എന്നാല്‍ സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു. കോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.
വേനലവധിക്കുശേഷം കോടതി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മാത്രമെ അപ്പീല്‍ പരിഗണിക്കു എന്നാണ് അറിയുന്നത്.