ദോഹയില്‍ കളഞ്ഞുകിട്ടിയ വജ്രമോതിരം തിരിച്ചു നല്‍കി യുവാവ്‌ മാതൃകയായി

Untitled-1 copyദോഹ: കളഞ്ഞുകിട്ടിയ വജ്രമോതിരം തിരിച്ചുനല്‍കി നേപ്പാളി യുവാവ് മാതൃകയായി. ദോഹയിലെ ഫിലിപ്പൈന്‍ എംബസിയിലെ ശുചീകരണത്തൊഴിലാളിയായ സുശീല്‍ കുമാര്‍ താക്കൂറാണ് മാതൃകയായത്.

താക്കൂറിന്റെ നന്‍മ നിറഞ്ഞ മനസ്സിന് ഫിലിപ്പൈന്‍ എംബസി അര്‍ഹിക്കുന്ന ആദരവ് നല്‍കി. ഫിലിപ്പൈന്‍ അംബാസഡര്‍ വില്‍ഫ്രെഡോ സി സാന്റോസ് സുശീല്‍ കുമാര്‍ താക്കൂറിന് ആശംസാപത്രം കൈമാറി. താക്കൂറിന്റെ സല്‍പ്രവര്‍ത്തിയെ വാഴ്ത്തിക്കൊണ്ടുള്ള പോസ്റ്റ് ഫിലിപ്പൈന്‍ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഫിലിപ്പൈന്‍ എംബസിയില്‍ കഴിഞ്ഞയാഴ്ചയെത്തിയ ഒരു വനിതയുടെ പക്കല്‍നിന്നാണ് വജ്രമോതിരം നഷ്ടപ്പെട്ടത്.

അവിടത്തെ ശുചീകരണത്തൊഴിലാളിയായ സുശീല്‍ കുമാര്‍ താക്കൂറിന്റെ പക്കല്‍ ഈ മോതിരം ലഭിക്കുകയും അദ്ദേഹം അത് എംബസി അധികൃതര്‍ക്ക് കൈമാറുകയുമായിരുന്നു. താക്കൂറിന്റെ പ്രവര്‍ത്തി എംബസിയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പ്രചോദനമാകുമെന്ന് അംബാസഡര്‍ പറഞ്ഞു.

അതേസമയം കളഞ്ഞുകിട്ടിയ വജ്രമോതിരത്തിന്റെ വില എത്രയുണ്ടെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായില്ല. ഇത്തരത്തില്‍ സല്‍പ്രവര്‍ത്തികള്‍ ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ഏപ്രിലില്‍ ബാത്ത്‌റൂമില്‍ നിന്നും ലഭിച്ച 4.70 ലക്ഷം റിയാലിന്റെ ആഭരണങ്ങള്‍ ഉടമയ്ക്കു തിരികെ നല്‍കി എത്യോപ്യന്‍ ജീവനക്കാരി മാതൃകയായിരുന്നു.

ഉടമ മറന്നുവെച്ച വജ്ര മോതിരങ്ങളാണ് ജീവനക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മടക്കി നല്‍കിയത്. ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ശുചീകരണ തൊഴിലാളിയായ ആന്റ്‌നെറ്റ് സെലെക്യു എന്ന എത്യോപ്യന്‍ വനിതയാണ് ആഭരണം മടക്കിനല്‍കി മാതൃകയായത്. ഫെബ്രുവരിയില്‍ ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷനിടെയാണ് മോതിരങ്ങള്‍ നഷ്ടപ്പെട്ടത്. ബാത്ത്‌റൂം വൃത്തിയാക്കുന്നതിനിടെയാണ് സെലക്യുവിന്റെ കണ്ണില്‍ മോതിരം പെട്ടത്.

മോതിരം കിട്ടിയ ഉടനെ താന്‍ ആദ്യം ചിന്തിച്ചത് അതിന്റെ ഉടമയുടെ മാനസികാവസ്ഥയെക്കുറിച്ചായിരുന്നുവെന്ന് സെലക്യു പറഞ്ഞു. വില അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത് കൊണ്ട് തന്നെ രണ്ടു മിനിറ്റ് പോലും കൈയില്‍ വയ്ക്കാതെ അസിസ്റ്റന്റ് മാനേജരെ ഏല്‍പ്പിക്കുകയായിരുന്നു.

സെലക്യുവിന് മുന്‍പും സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അല്‍മുഖ്താര്‍ കമ്പനിയില്‍ ജോലി ചെയ്യവേ ഇതേപോലെ ബാത്ത്‌റൂമില്‍ നിന്ന് വിവാഹ മോതിരം ലഭിച്ചിരുന്നു. അതും ഉടമയ്ക്ക് തിരിച്ചു നല്‍കിയിരുന്നു.

കഴിഞ്ഞവര്‍ഷം ഫിലിപ്പൈന്‍സിലുണ്ടായ ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിച്ചവരെ സഹായിക്കുന്നതിനായി ഇന്റര്‍കോണ്ടിനെന്റല്‍ ദോഹ ദി സിറ്റി ഹോട്ടലിലെ ലോണ്‍ഡ്രി അറ്റന്‍ഡന്റായിരുന്ന കെനിയന്‍ പ്രവാസി ഹെര്‍സോണ്‍ ജെര്‍മിയ തന്റെ ഒരു മാസത്തെ വേതനം സംഭാവന നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ 24കാരനെ ഹോട്ടല്‍ ശൃംഖല പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു