ഖത്തറില്‍ ശൈത്യം ശക്തമാകുന്നു;കാറ്റടിക്കാന്‍ സാധ്യത;കടല്‍യാത്ര ഒഴിവാക്കണം

ദോഹ: ഖത്തറില്‍ ശൈത്യം ശക്തമാകുന്നു. രാജ്യത്ത് വടക്കു പടിഞ്ഞാറന്‍ കാറ്റ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ വീശിയടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തരുന്നു. ഇന്ന് ഉച്ച മുതല്‍ അമിത മര്‍ദ സംവിധാനം ഉണ്ടാകും എന്നതിനാല്‍ രാജ്യത്തിന്‍െറ താപനിലയെ വരുംദിവസങ്ങളില്‍ സാരമായി ബാധിക്കും. അമിത മര്‍ദ സംവിധാനം ഈ ആഴ്ച അവസാനംവരെ തുടര്‍ന്നേക്കും.

കാറ്റിന്‍്റെ വേഗം 15 മുതല്‍ 25 നോട്ടിക് മൈലും ചില സമയങ്ങളില്‍ 35 നോട്ടിക് മൈല്‍ വരെയും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ചില തുറസ്സായ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. മൂന്ന് കിലോമീറ്റര്‍ വരെ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നതിനാല്‍ കടല്‍ യാത്ര ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ഈ ആഴ്ച അവസാനംവരെ ദോഹയില്‍ പരമാവധി 20-24 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. കുറഞ്ഞ താപനില 12-16 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും എന്ന് സൂചനയുണ്ട്.