ദോഹയില്‍ കാത്തിരിപ്പുകേന്ദ്രത്തിലേക്ക്‌ ബസ്സ്‌ പാഞ്ഞുകയറി;5 പേര്‍ക്ക്‌ പരിക്ക്‌

doha malabarinewsദോഹ: ഓള്‍ഡ് അല്‍ഗാനിമിലെ കര്‍വ ബസ് സ്റ്റേഷനില്‍ വീണ്ടും അപകടം. ബസ് കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
അല്‍ഖോറിലേക്കു പോകുന്ന ബസ്സാണ് അപകടത്തിനിടയാക്കിയത്. രണ്ട് ആഫ്രിക്കന്‍ സ്വദേശികള്‍, രണ്ടു ബംഗാളി ഡ്രൈവര്‍മാര്‍, ഒരു ഇന്ത്യക്കാരന്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആംബുലന്‍സില്‍ ഹമദ് ആശുപത്രിയിലേക്കു മാറ്റി. അല്‍ഫസയും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ബസ് ഓടിച്ചിരുന്നത് ആഫ്രിക്കന്‍ സ്വദേശിയാണ്. ബസ് വേഗതയിലല്ല വന്നിരുന്നതെന്നും എന്താണ് സംഭവിച്ചതെന്നു വ്യക്തമല്ലെന്നും മലയാളിയായ ഡ്രൈവര്‍ പറഞ്ഞു.
സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് യാത്രക്കാരെ കയറ്റുന്ന സ്ഥലത്തേക്കു നീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിന്റെ ബ്രേക്കിന് എന്തോ പ്രശ്‌നമുള്ളതായാണ് മനസ്സിലാവുന്നതെന്ന് ഒരു ആഫ്രിക്കന്‍ ഡ്രൈവര്‍ പറഞ്ഞു.
അപകടമൊഴിവാക്കാന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ബാരിക്കേഡ് തള്ളി നീക്കിയാണ് ബസ് മുന്നോട്ടു നീങ്ങിയത്. അതിന് പിറകിലുണ്ടായിരുന്ന രണ്ടാമത്തെ ബാരിക്കേഡിനിടയില്‍ നിന്നിരുന്നവര്‍ക്കാണ് കാര്യമായി പരുക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നരേമായതിനാല്‍ ബസ് സ്റ്റേഷനില്‍ നല്ല തിരക്കായിരുന്നു. ബസ്സിന് വേഗത കുറവായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബസ് കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുള്ള കോഫി ഷോപ്പിനോടു ചേര്‍ന്നാണ് അപകടമുണ്ടായത്.
രണ്ടു വര്‍ഷത്തിനിടെ ബസ് സ്റ്റേഷനില്‍ സമാനമായ രീതിയില്‍ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.
2014 ഡിസംബര്‍ 12ന് വെള്ളിയാഴ്ച ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ അപകടമുണ്ടായിരുന്നു.
അന്നത്തെ അപകടത്തില്‍ രണ്ട് ഇന്ത്യക്കാരും രണ്ട് ഫിലിപ്പൈനികളും ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്.
കര്‍ത്തിയാത്തിലേക്കു പോകുന്ന 156-ാം നമ്പര്‍ ബസ് നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറുകയായിരുന്നു. അതേ സ്ഥലത്താണ് ഇന്നലെ വീണ്ടും അപകടമുണ്ടായത്.
ഡ്രൈവര്‍ ബ്രേക്കിന് പകരം അശ്രദ്ധമായി ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയത്.
2013 ആഗസ്തിലായിരുന്നു അതിനു മുമ്പ് ദുരന്തം സംഭവിച്ചത്. അന്നത്തെ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റിരുന്നു.
അന്നും ഡ്രൈവര്‍ ബ്രേക്കിനു പകരം ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയത്.
2013ലെ അപകടത്തിന് ശേഷമാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുന്നില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡ് ഏര്‍പ്പെടുത്തിയത്. ഡിസംബറിലെ അപകടത്തില്‍ ഈ ബാരിക്കേഡ് തകര്‍ത്താണ് ബസ് മുന്നോട്ടു കുതിച്ചത്.
അതിന് ശേഷം നേരത്തേയുള്ള ബാരിക്കേഡിന് മുന്നിലായി രണ്ടാമതൊരു ബാരിക്കേഡ് കൂടി ഏര്‍പ്പെടുത്തിയിരുന്നു.