ദില്ലിയില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കും

ദില്ലി : ദില്ലിയില്‍ വൈദ്യുതി ചാര്‍ജജ് 6 മുതല്‍ 8 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ വിതരണ കമ്പനികളുടെ തീരുമാനം. പുതിയ നിരക്ക് വര്‍ദ്ധനക്ക് ദില്ലി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികളുടെ ത്രൈമാസ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ നിരക്ക്. ഇന്ന് മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരും.

ബിഎസ്ഇഎസ് യമുന പവര്‍ ലിമിറ്റഡ് 8 ശതമാനവും, രാജധാനി പവര്‍ ലിമിറ്റഡ് 6 ശതമാനവും, ടാറ്റാ പവര്‍ 7 ശതമാനവുമാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. അതേ സമയം നിരക്ക് വര്‍ദ്ധനവിന് സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രി വാള്‍ കമ്പനികളോട് ആവശ്യപ്പെട്ടു. അതേ സമയം നിരക്ക് വര്‍ദ്ധനക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ വൈദ്യുതനിരക്ക് പകുതിയോളം കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുത ചാര്‍ജ്ജ് കൂട്ടണമെന്ന വിതരണ കമ്പനികളുടെ ആവശ്യം ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.