നിര്‍ഭയ: ധന്യാ മേനോന്‍ സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സി 

തിരുവനന്തപുരം: ഇന്ത്യയിലെ സൈബര്‍ രംഗത്തെ ആദ്യ വനിതാ കുറ്റാന്വേഷകയായ ധന്യാ മേനോനെ നിര്‍ഭയയുടെ സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സിയായി നിയമിക്കാന്‍ തീരുമാനം. നിര്‍ഭയയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

കേരളത്തില്‍ സൈബര്‍ ആക്രമണങ്ങളിലൂടെ കുട്ടികളേയും പെണ്‍കുട്ടികളേയും ചൂഷണം ചെയ്യുന്നത് വര്‍ധിച്ച് വരികയാണ്. ഈയൊരു സാഹചര്യത്തില്‍ നിര്‍ഭയയിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അവബോധവും പരിശീലനവും നല്‍കുന്നതിന് വേണ്ടിയാണ് സൈബര്‍ ക്രൈം കണ്‍സള്‍ട്ടന്‍സിയായി നിയമിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സഹായവും ഉറപ്പ് വരുത്തും.

തൃശൂര്‍ അന്നകര സ്വദേശിയായ ധന്യ മേനോന്‍ 14 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. പൂനയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ലോയില്‍ നിന്നാണ് ധന്യ ഉപരിപഠനം പൂര്‍ത്തിയാക്കിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഫസ്റ്റ് വുമന്‍ അച്ചീവേഴ്‌സ് പുരസ്‌കാരം ധന്യാ മേനോന്‍ കരസ്ഥമാക്കിയിരുന്നു.

നിര്‍ഭയ കേന്ദ്രത്തില്‍ വിമണ്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രം പുതുതായി ആരംഭിക്കാനും തീരുമാനിച്ചു. ഗര്‍ഭിണികള്‍ക്കും പ്രസവം കഴിഞ്ഞ അമ്മമാര്‍ക്കും മതിയായ പരിചരണം ഉറപ്പു വരുത്തുകയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്താണ് ഈ കേന്ദ്രം ആദ്യമായി ആരംഭിക്കുന്നത്.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിത ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., ഐ.ജി. ശ്രീജിത്ത് ഐ.പി.എസ്., നിര്‍ഭയ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിശാന്തിനി ഐ.പി.എസ്. വിവിധ വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles