പെരുവണ്ണാമൂഴി സെക്‌സ് റാക്കറ്റ്; പ്രതികള്‍ ഖത്തറിലുള്ളതായി സംശയം

ദോഹ: പെരുമണ്ണാമൂഴി കേന്ദ്രീകരിച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുകയും സെക്‌സ് റാക്കറ്റിന് കൈമാറുകയും ചെയ്ത കേസിലെ പ്രധാന പ്രതി ഖത്തറിലുള്ളതായി സംശയം. ദുബൈയില്‍ നിന്ന് ഓണ്‍ എറൈവല്‍ വിസയിലാണ് ഇയാള്‍ ഖത്തറിലെത്തിയതെന്ന് കരുതപ്പെടുന്നു. നേരത്തെ ഖത്തറിലുണ്ടായിരുന്ന ഇയാള്‍ സാമ്പത്തിക ക്രമക്കേട് നടത്തി മുങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടു പ്രതികള്‍കൂടി ഖത്തറിലുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ നാട്ടില്‍നിന്ന് നേരിട്ട് ഖത്തറിലെത്തുകയായിരുന്നു. നാട്ടുകാരായ പലരും ഇവരെ ഖത്തറില്‍ കണ്ടതായി അറിയിച്ചിട്ടുണ്ട്. അതിനിടെ നാട്ടില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട്് ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് മുങ്ങുന്ന ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ജാഗ്രത പാലിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. പെരുമണ്ണാമുഴി പെണ്‍വാണിഭ സംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പേരാമ്പ്ര നിവാസികളുടെ കൂട്ടായ്മ രൂപീകരിക്കാനുളള ശ്രമത്തിലാണ് നാട്ടുകാര്‍.