അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയും; വിവാദ വിഷങ്ങളുമായി ബിജെപി പ്രകടന പത്രിക

bjp_manifestoദില്ലി : തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ്ങ് ആരംഭിച്ചിരിക്കെ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ബാബറി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് ബിജെപിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളെ മറികടക്കാന്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന വാഗ്ദാനം പ്രകടനപത്രിക മുന്നോട്ട് വെച്ചിട്ടുണ്ട്.

അധികാരത്തിലെത്തിയാല്‍ ഭരണഘടനക്ക് അകത്തു നിന്നും രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാധ്യതകള്‍ തേടും. കൂടാതെ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും വിലകയറ്റവും, തൊഴിലില്ലായ്മയും പരിഹരിക്കുമെന്നും കള്ളപ്പണം തടയാന്‍ ഉന്നതാധികാര കര്‍മ്മസമിതിയെ രൂപീകരിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികാസമെന്ന മുദ്രാവാക്യമാണ് പ്രകടന പത്രിക മുന്നോട്ട് വെച്ചിരിക്കുന്നത്. ഗ്രാമങ്ങളിലും, നഗരങ്ങളിലും ഉയര്‍ന്ന ജീവിതി നിലവാരം എന്നിവക്ക് പുറമെ ബഹുബ്രാന്‍ഡ് ചില്ലറ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുകയില്ല, ആണവ നിലയം പരിഷ്‌കരിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രിക മുന്നോട്ട് വെച്ചിട്ടുണ്ട്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.