വ്യാജ സ്ഥാപനങ്ങളുണ്ടാക്കി വിസ കച്ചവടവും തട്ടിപ്പും

മനാമ: വ്യാജ സ്ഥാപനങ്ങള്‍ ഉണ്ടാക്കി വിസ കച്ചവടം തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് പുതിയ തൊഴിലാളികളെ ബഹ്‌റൈനിലേക്ക് കൊണ്ടുവരുന്നതിന് ബംഗ്ലാദേശ് എംബസി താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) കിട്ടിയശേഷം അതിലുള്ള വിസ ബംഗ്ലാദേശികൾക്ക് വിൽക്കുകയും തൊഴിലാളികൾ ഇവിടെ എത്തിയ ശേഷം സി.ആർ റദ്ദാക്കുകയുമാണ് ചെയ്യുന്നത്.

ബഹ്റൈനിൽ നിയമവിരുദ്ധമായ ‘ഫ്രീ വിസ’ ആയാണ് തട്ടിപ്പുസംഘം വിസ വിൽക്കുന്നത്. ഇതിന് ഇവർ 2,000 ദിനാറോളവും അതിലധികവും ഒരാളിൽ നിന്ന് വാങ്ങുന്നുണ്ട്. സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതോടെ, നിരവധി പേരാണ് അനധികൃത തൊഴിലാളികളായി ബഹ്റൈനിൽ കഴിയുന്നത്. ഇൗ സാഹചര്യത്തിലാണ് ബംഗ്ലാദേശ് എംബസി താൽക്കാലികമായി വിസ മരവിപ്പിക്കാൻ തീരുമാനിച്ചത്.

യാതൊരു വ്യവസ്ഥയുമില്ലാതെ തട്ടിപ്പുകാർ സി.ആർ.എടുത്ത് വിസ വിൽക്കുകയാണ്. ‘ഫ്രീ വിസ’ എന്ന സമ്പ്രദായം തന്നെ ബഹ്റൈനിലില്ല എന്ന കാര്യമറിയാതെയാണ് ഒട്ടുമിക്കവരും വരുന്നത്. 1000ത്തിലധികം സി.ആറുകളാണ് എല്ലാ മാസവും റദ്ദാക്കുന്നത്. ബംഗ്ലാദേശി പൗരൻമാരുടെ റിക്രൂട്ട്മെൻറിനായി വിസ അപേക്ഷ എംബസി ആദ്യം അംഗീകരിക്കേണ്ടതുണ്ട്. പുതിയ സാഹചര്യം കണക്കിലെടുത്ത് ഫെബ്രുവരി അവസാനം മുതൽ ഒട്ടും സംശയമില്ലാത്ത അപേക്ഷകൾ മാത്രമാണ് അംഗീകരിക്കുന്നത്. ഇതിെൻറ ഭാഗമായി പ്രതിദിനം അംഗീകാരം നൽകുന്ന വിസയുെട എണ്ണം അഞ്ചായി കുറഞ്ഞു. നേരത്തെ ഒരു ദിവസം 400 വിസക്കുവരെ അംഗീകാരം നൽകിയിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിനായി ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളെയും ബന്ധപ്പെട്ട ഏജൻസികളെയും സമീപിക്കാനാരിക്കുകയാണ് എംബസി. ബംഗ്ലാദേശികളായ ഇടനിലക്കാർ തന്നെയാണ് ഇതിനുപിന്നിലെ പ്രധാന പ്രശ്നക്കാരെന്ന് അംബാസഡർ പറഞ്ഞു.

തട്ടിപ്പ് അവസാനിപ്പിക്കാനായി എംബസി അധികൃതർ ഉടൻ ബഹ്റൈൻ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.