ബഹ്‌റൈനില്‍ അനധികൃത കാര്‍ വ്യാപാരത്തെ തടയാന്‍ ഓക്ഷന്‍ സെന്റര്‍

മനാമ: രാജ്യത്ത് അനധികൃതമായുള്ള കാറുകളുടെ വില്‍പ്പന തടയാനായി ഓക്ഷന്‍ സെന്റര്‍ ആരംഭിക്കുന്നു. ക്യാപ്പിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റേതാണ് ഈ നടപടി. പുതിയതായി ആരംഭിക്കാന്‍ പോകുന്ന ഓക്ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം 18 മാസത്തിനുള്ളില്‍ ടുബ്ലിയില്‍ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘനമായിട്ടു കൂടി മറ്റ് മാര്‍ഗങ്ങളില്ലാത്തതിനെ തുടര്‍ന്ന് പൊതു സ്ഥലങ്ങളിലും റോഡരികിലുമാണ് വില്‍പ്പനയ്ക്കുള്ള കാറുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. വര്‍ഷങ്ങളായി രാജ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണിത്. ഇതു തടയുക എന്നതാണ് ഈ കേന്ദ്രത്തിന്റെ വരവോടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

സെക്കന്‍ഡ് ഹാന്‍ഡ് വില്ലേജ് കാറുകളും ഈ കേന്ദ്രം വഴി വില്‍പ്പനയ്ക്കു വയ്ക്കാനാകും. രാജ്യത്തെ പ്രധാന കാര്‍ കമ്പനികളെയെല്ലാം തന്നെ ഈ കേന്ദ്രത്തിലേക്ക് ഓഫീസുകള്‍ തുറക്കുന്നതിനുവേണ്ടി ക്ഷണിക്കുന്നുണ്ട്. ഇതുവഴി അവര്‍ക്ക് ഒന്നുകില്‍ നിശ്ചിത നിരക്കില്‍ അല്ലെങ്കില്‍ ലേലത്തില്‍ അവരുടെ വാഹനങ്ങള്‍ വില്‍പ്പന നടത്താം. വിപണിയില്‍ ലഭ്യമാകുന്ന എല്ലാ ഇടപാടുകളും കേന്ദ്രത്തിലും നടപ്പിലാക്കും.

രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ടുബ്ലി ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയ്ക്കു സമീപം ഉയരാനിരിക്കുന്നത്.