സ്തനാര്‍ബുദ ചികിത്സയില്‍ വയാഗ്ര ഫലപ്രദം; ബഹ്‌റൈന്‍ ഗവേഷകര്‍

മനാമ: സ്തനാര്‍ബുദ ചികിത്സയില്‍ വയാഗ്ര ഫലപ്രദമെന്ന് ബഹ്‌റൈന്‍ ഗവേഷകര്‍ കണ്ടെത്തി. ന്യൂസീലന്‍ഡില്‍ നിന്നുള്ള ഗവേഷകരുമായി ചേര്‍ന്ന് കൊണ്ട് ബഹ്‌റൈനില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഡ്രഗ് ടാര്‍ഗറ്റ് എന്ന പ്രസിദ്ധീകരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പഠനത്തിന് നേതൃത്വം നല്‍കിയത് ഡോ.ഖാലിദ് ഗ്രീഷ് ആണ്. പ്രിന്‍സസ് അല്‍ ജോവ്ഹര സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്‍ ആന്റ് ജനിറ്റിക് ഡിസീസ് അസോസിയേറ്റ് പ്രഫസറാണ് ഇദേഹം. ഡോ.അഹമദ് അല്‍ സാഈ, സാറ ഖാനി, ഡോ.മൊഈസ് ബക്കിത്, ഗവേഷകരായ മറിയം ഫാത്തില്‍, നിതാ റേച്ചല്‍ എന്നിവരാണ് ഡോ.ഗ്രീഷിനൊപ്പം പഠനം നടത്തിയത്.

ശരീരപേശികളെ അയവുള്ളതാക്കാനും അതുവഴി രക്തപ്രവാഹം വര്‍ധിപ്പിക്കാനുള്ള വയാഗ്രയുടെ ശേഷിയാണ് സ്തനാര്‍ബുദ ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്നതെന്ന് അദേഹം വിശദമാക്കി. ഔദ്യോഗിക അനുമതി ലഭിച്ചാല്‍ ഈ കണ്ടെത്തല്‍ ക്ലിനിക്കല്‍ ട്രയിലിനു സമര്‍പ്പിക്കുമെന്ന് ഡോ.ഗ്രീഷ് പറഞ്ഞു.