സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായേക്കും

images (3)തിരുവനന്തപുരം: ചലച്ചിത്ര താരം സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായേക്കും. ഇക്കാര്യത്തില്‍ സുരേഷ് ഗോപിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നും കഴിഞ്ഞ ദിവസം ഉറപ്പ് ലഭിച്ചതായും നിയമന ഉത്തരവ് ഇന്നോ നാളെയോ(മെയ് 21, 22) ഉണ്ടാകുമെന്നുമാണ് സൂചന.

നേരത്തേ തന്നെ ധാരണയായിരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാമനന്ത്രി വിദേശപര്യടനം കഴിഞ്ഞെത്തിയാല്‍ ഉടന്‍ ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. നടപടികളെല്ലാം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞ ഇക്കാര്യത്തില്‍ ഇനി ഉത്തരവ് പുറത്തിറങ്ങുക മാത്രമാണ് ശേഷിക്കുന്ന കാര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പദവികളില്‍ ഒന്നായി കണക്കാക്കുന്ന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിതനായാല്‍ ഈ പദവിയിലേക്ക് ഉയരുന്ന ആദ്യ മലയാളിയായി സുരേഷ്‌ഗോപി മാറും. ഇത്തവണ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം കേരളത്തില്‍ നിന്നും ഉയര്‍ന്ന പദവിയിലേക്ക് നിയുക്തനാകുന്ന ആദ്യ മലയാളി എന്ന പ്രത്യേകത കൂടിയുണ്ട്.