നടന്‍ മേഘനാഥനും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

downloadചെറുതുരുത്തി : നടന്‍ മേഘനാഥനും കുടുംബവും സഞ്ചരിച്ച കാര്‍ മേലേ വെട്ടികാട്ടിരിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും മേഘനാഥനും ഭാര്യ മിനിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച 3.15 ഓടെയാണ് അപകടം നടന്നത്.

കൊച്ചിയില്‍ നിന്നും പെട്രോളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന രണ്ട് ടാങ്കര്‍ ലോറികളില്‍ ഒന്ന് മറ്റൊന്നിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മേഘനാഥനും കുടുംബവും ഷൊര്‍ണ്ണൂരിലെ വീട്ടില്‍ നിന്നും തൃശ്ശൂരിലേക്ക് പോവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മേഘനാഥന്റെ ഭാര്യയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ വിദഗ്ദ്ധ പരിശോധനക്കായി പ്രവേശിപ്പിച്ചു.