ദിലീപിന് ഇന്നും ജാമ്യമില്ല

കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ ഗൂഢാലോചനകേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നും ഹൈക്കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ദിലീപ് പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം ഇന്നും നിഷേധിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുന്നത്.

കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്നും 213 തെളിവുകളുണ്ടെന്നും കാണിച്ച് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

അതെസമയം തനിക്കെതിരെ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താന്‍ നിരപരാധിയാണെന്നുമുള്ള ദിലീപിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കേസില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. ദിലീപിനെതിരെയുള്ള കുറ്റപത്രം അന്വേഷണസംഘം മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും.

റിമാന്‍ഡിലുള്ള ദിലീപ് അമ്പത് ദിവസമായി ആലുവ സബ് ജയിലില്‍ തുടരുകയാണ്.