ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷറഫ് ഒളിവില്‍. മുഷറഫിനെ അറസ്റ്റു ചെയ്യാന്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സുരക്ഷാ ഉദേ്യാഗസ്ഥരുടെ സഹായത്തോടെ മുഷറഫ് ഒളിവില്‍ പോയത്.
കോടതിവിധി വന്ന ഉടന്‍ തന്നെ മുഷറഫ് തന്റെ കാറില്‍ രക്ഷപ്പെട്ടതായാണ് കാവല്‍ ജോലിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദേ്യാഗസ്ഥര്‍ പറയുന്നത്. ജഡ്ജിമാരെ തടവിലാക്കിയ സംഭവത്തില്‍ കോടതിയില്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ഈ കേസിലാണ് മുഷറഫിനെ അറസ്റ്റു ചെയ്യാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
വിദേശ രാജ്യത്തെ നീണ്ട കാലത്തെ താമസത്തിന് ശേഷം കഴിഞ്ഞ മാസമാണ് മുഷറഫ് തിരിച്ചെത്തിയത്. മേയ് 11 ന് നടത്താനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയായിരുന്നു മുഷറഫിന്റെ ലക്ഷ്യം. എന്നാല്‍ 1999 – 2008 ഭരണകാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ മുഷറഫിനെ അയോഗ്യനാക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോയുടെ കൊലപാതകം ഉള്‍പ്പെട ജഡ്ജിമാരെ തടവിലാക്കിയ സംഭവം, ബലൂചിസ്ഥാനിലെ വിപ്ലവ നേതാവിന്റെ കൊലപാതകം എന്നിവയില്‍ ആണ് മുഷറഫ് നിയമ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.




