കോഴിക്കോട്: വയനാട് ചുരം ബദല്‍റോഡിനുളള ഉപഗ്രഹ സര്‍വെ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാകുംവിധം നടപടികള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ ലത അറിയിച്ചു. ബദല്‍ റോഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചാലോചിക്കാന്‍ തന്റെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഉപഗ്രഹ സര്‍വെ നടത്താനായി കോഴിക്കോട് -വയനാട് ജില്ലകളിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സെപ്റ്റംബര്‍ 9ന് കത്ത് നല്‍കാന്‍ പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എന്‍ ശശികുമാറിനെ കളക്ടര്‍ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ബദല്‍ റോഡ് നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി സംസാരിക്കും. ഇതിനുപുറമെ ബദല്‍ റോഡിന്റെ പ്രസക്തിയും സാദ്ധ്യതകളും ആരായാനും പ്രദേശത്തെ ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാനുമായി വൈത്തിരി പഞ്ചായത്തിലെ ലക്കിടിയില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. പൊതു ചര്‍ച്ചയില്‍ ജനപ്രതിധികള്‍, വനം-റവന്യൂ-പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലൂടെയും വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്തിലൂടെയുമാണ് നിര്‍ദ്ദിഷ്ട ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ ബദല്‍ റോഡ് കടന്നുപോകുന്നത്. മൊത്തം 14.34 കിലോമീറ്ററിലാണ് ബദല്‍ റോഡ് ഉദ്ദേശിക്കുന്നത്. ഇതിന് 68 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക എസ്റ്റിമേറ്റ്. കോഴിക്കോട് ജില്ലയിലെ 4.85 ഹെക്ടറും വയനാടിന്റെ 12 ഹെക്ടറും വനഭൂമിയാണ് റോഡിന് ആവശ്യമായിട്ടുളളത്. ഇതിനുപുറമെ കോഴിക്കോട് ജില്ലയില്‍ 12.10 ഹെക്ടര്‍ സ്വകാര്യ ഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. പുതുപ്പാടി – കോടഞ്ചേരി പഞ്ചായത്തുകളിലൂടെ 8.74 കിലോ മീറ്ററും വൈത്തിരിയിലൂടെ 5.60 കിലോമീറ്ററുമാണ് റോഡ് കടന്നുപോകുക.
അതിനിടെ നിലവിലുളള താമരശ്ശേരി ചുരം റോഡിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് എം.ഐ ഷാനവാസ് എം.പി, സി.മോയിന്‍കുട്ടി എം.എല്‍.എ, എം.വി ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ, ഉന്നത ഫോറസ്റ്റ് -റവന്യൂ-പിഡബ്‌ളിയു ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഓണത്തിന് ശേഷം ബാംഗ്ലൂരിലെ ഫോറസ്റ്റ് കേന്ദ്രം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
യോഗത്തില്‍ സി.മോയിന്‍കുട്ടി എം.എല്‍.എ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുല്‍ത്താന്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, ജില്ലാ പഞ്ചായത്ത് അംഗം വി.ഡി ജോസഫ്, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ഹുസൈന്‍കുട്ടി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിജു താന്നിക്കാകുഴി, ആര്‍.ഡി.ഒ പി.വി ഗംഗാധരന്‍, പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എന്‍ ശശികുമാര്‍, ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എ.എം ഇഖ്ബാല്‍, കോഴിക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി.കൃഷ്ണദാസ്, വയനാട് ഡെപ്യൂട്ടി കളക്ടര്‍ ജോയി ജോണ്‍, കോഴിക്കോട് എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ പി.അറുമുഖന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



