കൊടുവള്ളിയില്‍ കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികള്‍ തിരുവനന്തപുരത്ത്

കോഴിക്കോട്: കൊടുവള്ളി കരിവംപൊയില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് കാണാതായ നാല് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി.

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസാണ് നാലുപെണ്‍കുട്ടികളെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടത്.തുടര്‍ന്ന് ഇവരെ ചോദ്യംചെയ്യുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കൊടുവള്ളി പോലീസും പെണ്‍കുട്ടികളുടെ ബന്ധുക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ പിരിഞ്ഞപ്പോഴാണ് പെണ്‍കുട്ടികള്‍ മുങ്ങിയത്. ഉച്ചയ്ക്ക് ഹാജരെടുത്തപ്പോള്‍ കുട്ടികളെ കാണാഞ്ഞ അധ്യാപകന്‍ വീടുകളിലേക്ക് വിവരമറിയിച്ചിരുന്നു. വൈകീട്ടും നാലുപേരും വീട്ടിലെത്താത്തതിനെതുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉടന്‍തന്നെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനിലേക്കും വിവരമറിയിച്ചിരുന്നു.

നാലുപേരില്‍ ഒരാളുടെ വീട്ടില്‍വെച്ചാണ് കുട്ടികള്‍ യൂണിഫോം മാറ്റി മറ്റു വസ്ത്രങ്ങള്‍ ധരിച്ചതെന്നാണ് സൂചന. എന്തിനാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയതെന്ന് വിശദമായ ചോദ്യം ചെയ്യലിലൂടെയെ അറിയാനാകു.

Share news
error: Content is protected !!
Scroll to Top