കോഴിക്കോട്:സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി (എസ്.എം.എ) രോഗിയായ തന്റെ ശസ്ത്രക്രിയ സൗജന്യമായി നടത്തിത്തന്ന സര്‍ക്കാറിനോടുള്ള നന്ദി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കാനാണ് ബാലുശ്ശേരി ഇയ്യാട് സ്വദേശി സിയ മെഹ്‌റിന്‍ എസ്എംഎ രോഗികളുടെ പ്രതിനിധിയായി ശനിയാഴ്ച നവകേരള സദസ്സിന്റെ ഭാഗമായുള്ള പ്രഭാത യോഗത്തിലേക്ക് എത്തിയത്.
സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 15 വയസ്സുകാരി സിയ ഉമ്മയ്‌ക്കൊപ്പം വീല്‍ ചെയറിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ എത്തിയത്. കഴിഞ്ഞ മെയ് 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സിയ മെഹ്‌റിന്റെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ സൗജന്യമായി ചെയ്തുതന്ന സര്‍ക്കാറിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ലെന്ന് സിയ മെഹ്‌റിന്‍ പറഞ്ഞു.
നിലവില്‍ എസ്.എം.എ ബാധിച്ച ആറ് വയസ്സിന് താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ നല്‍കുന്നുണ്ട്. എന്നാല്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു കൂടി ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കണമെന്നും ശസ്ത്രക്രിയക്കുള്ള തുക അനുവദിക്കണമെന്നും സിയ മെഹ്‌റിന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.
എസ്.എം.എ ടൈപ്പ് വണ്‍, ടു രോഗികളുടെ ചികിത്സയ്ക്കുള്ള മരുന്ന് സൗജന്യമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതിനായി ക്രൗഡ് ഫണ്ടിംഗ് ഉള്‍പ്പെടെയുള്ളവ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




