മാലിന്യ പരിപാലനത്തില്‍ യുവജനങ്ങള്‍ മാതൃകയാകണം: മേയര്‍ ബീന ഫിലിപ്പ്

വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ ജെഡിടി കോളേജ് ഒന്നാമത്

കോഴിക്കോട്:മാലിന്യ പരിപാലന ശീലങ്ങളില്‍ യുവജനങ്ങള്‍ മാതൃകയാകണമെന്ന് മേയര്‍ ബീന ഫിലിപ്പ്. ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും കോഴിക്കോട് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റും രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുജന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീഡിയോ മത്സര വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേയര്‍.

മാലിന്യ പരിപാലനത്തില്‍ ശാസ്ത്രീയമായ സമീപനമാണ് ഉണ്ടാകേണ്ടത്. ശുചിത്വ പ്രവര്‍ത്തികള്‍ ചടങ്ങുകളായി മാറരുതെന്നും പ്രതിജ്ഞകള്‍ പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകണമെന്നും മേയര്‍ ചൂണ്ടിക്കാട്ടി.

വേര്‍തിരിച്ചുള്ള മാലിന്യ നിക്ഷേപം ശീലമാക്കണം. കൃത്യമായ സംസ്‌കരണ രീതികള്‍ അവലംബിക്കണമെന്നും മേയര്‍ ഓര്‍മ്മപ്പെടുത്തി.

നമ്മുടെ മാലിന്യ പരിപാലന ശീലങ്ങള്‍ നമ്മുടെ വ്യക്തിത്വത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണ്. വിദ്യാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ചെല്ലുന്നിടം നിങ്ങളുടെ നാടിനെയും സംസ്‌കാരത്തേയും കൂടെ പ്രതിനിധീകരിക്കുന്നതാണെന്നും മേയര്‍ പരിപാടിക്കെത്തിയ വിദ്യാര്‍ത്ഥികളോടായി പറഞ്ഞു.

മാലിന്യമുക്ത നവകേരളം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ ജെ ഡി ടി ഇസ്ലാം ആര്‍ട്‌സ് & സയന്‍സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മൊകേരി ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും മേയര്‍ കൈമാറി.

തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, റോട്ടറി ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ കെ ശ്രീധരന്‍ നമ്പ്യാര്‍, കാലിക്കറ്റ് സൈബര്‍ സിറ്റി ഭാരവാഹി മുല്ല വീട്ടില്‍ സക്കീര്‍ ഹുസൈന്‍, അഞ്ജലി ആനന്ദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ കെ രജിത സ്വാഗതവും ആര്‍ജിഎസ്എ ജില്ലാ പ്രോഗ്രാം മാനേജര്‍ എം വിഷ്ണു നന്ദിയും പറഞ്ഞു.

ജൈനാഥ് ഗഷോഗിയുടെ മെന്റലിസ്റ്റ് പ്രകടനവും ഗിന്നസ് ജേതാവ് എം കെ ലത്തീഫിന്റെ ആര്‍ക്കിയോളജി പ്രദര്‍ശനവും നടന്നു. ആര്‍ ജി എസ് എ കോഴിക്കോട് ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബും, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജ് എന്നിവരുടെ മ്യൂസിക് ബാന്റ് സംഘങ്ങളുടെ പ്രകടനവും അരങ്ങേറി. തുടര്‍ന്ന് ഓട്ടോതൊഴിലാളികളുടെ ഗാനമേളയും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top