
കളമശേരി: അഞ്ചംഗസംഘം കുസാറ്റിനു സമീപത്തെ തമീം അപ്പാര്‍ട്‌മെന്റില്‍ നിന്ന് തട്ടിക്കൊണ്ടുപോയി രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച യുവാവിനെ കോഴിക്കോട് മേപ്പയൂരില്‍ നിന്ന് കളമശേരി പൊലീസ് മോചിപ്പിച്ചു.
കോഴിക്കോട് മേപ്പയൂര്‍ റോഡില്‍ കീഴ്പയ്യൂര്‍ ഇടയിലാട്ടുവീട്ടില്‍ സൗരവിനെ (22)യാണ് പൊലീസ് മോചിപ്പിച്ചത്. ഓണ്‍ലൈന്‍ ബാങ്ക് ഇടപാടിലൂടെ കൈമാറിയ അഞ്ചുലക്ഷം രൂപ തിരികെ കൊടുത്തില്ലെന്ന പേരിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്.
കുഴല്‍പ്പണ മാഫിയയുമായി ബന്ധമുള്ളയാളും പ്രതികളിലൊരാളുമായ പേരാമ്പ്ര പെരിഞ്ചേരി വീട്ടില്‍ മുഹമ്മദ് ഹാഷിറിനെ (21) കസ്റ്റഡിയിലെടുത്തു. മോചനദ്രവ്യം കൈപ്പറ്റാന്‍ എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് മോചനദ്രവ്യമായി കൈപ്പറ്റിയ 3,60,000 രൂപ പിടികൂടി.
ബുധന്‍ രാത്രിയാണ് അഞ്ചംഗസംഘം കാറിലെത്തി സൗരവിനെയും കൂട്ടുകാരന്‍ ആദിലിനെയും തട്ടിക്കൊണ്ടുപോയത്. ഇവര്‍ പിന്നീട് ആദിലിനെ വിട്ടയച്ചു. കുഴല്‍പ്പണ മാഫിയയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ എന്ന സൂചനയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കളമശേരി പൊലീസ് പരിശോധന നടത്തി.
കളമശേരി പൊലീസ് സബ് ഇന്‍ സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ചാക്കോ, എസ്‌ഐ ഷമീര്‍, എഎസ്‌ഐ ബിനു, സിപിഒമാരായ മാഹിന്‍ അബുബക്കര്‍, അരുണ്‍ സുരേന്ദ്രന്‍, ലിബിന്‍ കുമാര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് മോചനം സാധ്യമായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




