കോഴിക്കോട് പിടിച്ചുപറി കേസിലെ 5 പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട്: രാത്രിയാത്രക്കാരെ കത്തി കാണിച്ച് പിടിച്ചുപറി നടത്തിയ സംഘത്തിലെ മുഴുവൻ പ്രതികളെയും കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമിഷണർ ടി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കായലം സ്വദേശികളായ രാജു (25), വിജേഷ് (20), ചക്കുംകടവ് ഫാസിൽ (25), ചേളന്നൂർ സ്വദേശി സായുജ് (21), കുതിരവട്ടം സ്വദേശി പ്രവീൺ (22) എന്നിവരെയാണ് പൊലീസ് പിടി കൂടിയത്. മുഖ്യപ്രതി ആനമാട് സ്വദേശി ഷംസീറി (21)നെ കസബ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ഏപ്രിൽ 27, 28 ദിവസങ്ങളിലും ഈമാസം ഒന്നാം തീയതിയുമായിരുന്നു സംഭവം. തനിച്ച് സഞ്ചരിക്കുന്ന രാത്രിയാത്രക്കാരെ കണ്ടെത്തി ബൈക്കിലെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലാണ് ഇവർ പിടിയിലായത്. പരാതികൾ പ്രകാരം കസബ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവേ നഗരത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ  നിന്ന് അവരെ അറസ്‌റ്റു ചെയ്യുകയുമായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും കത്തിയും തട്ടിയെടുത്ത മൊബൈൽ ഫോണും ഇവരിൽ നിന്ന് കണ്ടെത്തി. ഇവർക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളിൽ നിരവധി മോഷണക്കേസുകളുണ്ട്.

കസബ ഇൻസ്പെക്ടർ കിരൺ സി നായർ, സബ് ഇൻസ്പെക്ടർ രാജേന്ദ്രകുമാർ, എഎസ്ഐമാരായ പി സജേഷ് കുമാർ, എൻ രജീഷ്, കെ ഷീബ, സീനിയർ സിപിഒമാരായ രാജീവ് കുമാർ പാലത്ത്, ലാൽ സിത്താര, എൻ രതിഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, പി ബൈജു, സി കെ സുജിത്ത്, എൻ ദിപിൻ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top