
വടകര : വടകര റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്ഫോമിൽ വ്യാജ മൊബൈൽ പേയ്മെന്റ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊയിലാണ്ടി ചെങ്ങോട്ടുകാവ് കുട്ടനാടത്ത് റൂബിൻ രാജ് (20), ചേമഞ്ചേരി പറമ്പിൽ ഹജ്സൽ അമീൻ (20) എന്നിവരെയാണ് വടകര സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ രാജേഷ് അയോടൻ അറസ്റ്റ് ചെയ്തത്.
‘ഫോൺപേ’യുടെ വ്യാജ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സാധനങ്ങൾ വാങ്ങുന്നതിനോ മറ്റ് ഇടപാടുകൾക്കായോ പണം കൈപ്പറ്റിയശേഷം അതേ തുക “ഫോൺപേ’യുടെ വ്യാജ ആപ്ലിക്കേഷൻ വഴി തിരികെ അയച്ചതായി സ്ക്രീൻ കാണിച്ച് പണം തട്ടിയെടുക്കലാണ് ഇവരുടെ രീതി. യഥാർഥത്തിൽ പണം തിരികെ അയക്കാതെ ആപ്ലിക്കേഷനിൽ ട്രാൻസാക്ഷൻ നടന്നതായി കാണിക്കുന്ന തരത്തിൽ കൃത്രിമമായി തയ്യാറാക്കിയ ഇന്റർഫേസ് ഉപയോഗിച്ച് സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
വഞ്ചിതരായ സ്ത്രീകൾ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





