അനധികൃത മീൻ പിടിത്തം; കൂറ്റൻ വള്ളം കോസ്റ്റ് ഗാർഡ് പിടികൂടി

ഫറോക്ക്: കടലിൽ അതിതീവ്ര വെളിച്ച സംവിധാനമുപയോഗിച്ച് മീൻ പിടിത്തത്തിലേർപ്പെട്ട കൂറ്റൻ വള്ളം കോസ്റ്റ് ഗാർഡ് പിടികൂടി. ബേപ്പൂർ തീരത്തുനിന്നും എട്ടു നോട്ടിക്കൽ മൈൽ (15 കിലോമീറ്റർ) അകലെ കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പട്രോൾ വെസൽ (കപ്പൽ) സി144ൽ അസിസ്റ്റന്റ് കമാൻഡന്റ് ശരത് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ‘അലിയാർ തങ്ങൾ’ എന്ന വലിയ വള്ളം പിടികൂടിയത്. നടക്കാവ് പുതിയകടവ് വലിയതൊടി അബ്ദുൽ ലത്തിഫിന്റെ ഉടമസ്ഥതയിലുള്ളതാണിത്.

കഴിഞ്ഞ ദിവസം രാത്രി 11.30 ന് തീരസുരക്ഷാ പട്രോളിങ് നടത്തുന്നതിനിടയിലാണ് ബേപ്പൂർ തീരക്കടലിൽ സംശയാസ്‌പദമായ നിലയിൽ പ്രത്യേക എൽഇഡി, ലേസർ വെളിച്ച സംവിധാനം ഉപയോഗിക്കുന്ന കൂറ്റൻ വള്ളം ശ്രദ്ധയിൽപ്പെട്ടത്. വള്ളം അമിതവേഗത്തിൽ ആഴക്കടലിലേക്ക് വലിയാനുള്ള ശ്രമം കോസ്റ്റ് ഗാർഡ് സുരക്ഷാ ബോട്ട് പിന്തുടർന്ന് തടയുകയായിരുന്നു.

പരിശോധനയിൽ മൂന്ന് ഒഡിഷ സ്വദേശികൾ ഉൾപ്പെടെ വള്ളത്തിലുണ്ടായിരുന്ന 33 തൊഴിലാളികൾക്കും തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നില്ല. വിനാശകരമായ ലൈറ്റും എൽഇഡി യൂണിറ്റുകളും ലേസർ ലൈറ്റുകളും ഉപയോഗിച്ചാണ് മത്സ്യബന്ധനത്തിലേർപ്പെട്ടതെന്ന് വ്യക്തമായതോടെ വള്ളം കസ്റ്റഡിയിലെടുത്ത് ബേപ്പൂർ ഫിഷറീസ് മറൈൻ എൻ ഫോഴ്സസ്മെന്റ് വിഭാഗത്തിന് കൈമാറുകയായിരുന്നുവെന്ന് ഫിഷറീസ് അസി. ഡയറക്ടർ വി സുനീർ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top