HIGHLIGHTS : Youth arrested for stealing while driving a rented car

കോഴിക്കോട് : പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്സൂസ് ഹാനുക്കി(35)നെയാണ് ഡിസിപി അരുൺ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ ബൈജു കെ ജോസിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം കോവൂരിലെ ഫ്ലാറ്റിൽനിന്ന് മടവൂർ സ്വദേശിയുടെ ലാപ്ടോപ്പും ടാബും മോഷ്‌ടിച്ച കേസിലാണ് മഖ്സൂസ് പിടിയിലായത്. മോഷണ സാധനങ്ങൾ വിറ്റശേഷം ഇയാൾ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. മൂന്നുദിവസം മുമ്പ് ചെന്നൈയിൽനിന്ന് മറ്റൊരു കാർ വാടകക്കെടുത്ത് ഇയാൾ കേരളത്തിലെത്തി.
മോഷണ സാധനങ്ങൾ കോഴിക്കോട് വിൽക്കാനാണ് പ്രതി എത്തിയതെന്ന് പൊ ലീസ് പറഞ്ഞു. സിറ്റി ക്രൈം സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ആറ് ഫോണുകൾ ഇയാളിൽനിന്ന് കണ്ടെടുത്തു.
ഇയാൾക്കെതിരെ മുക്കം, കാക്കൂർ സ്റ്റേഷനുകളിൽ പോക്സോ കേസുകളും ഫറോക്ക്, പന്നിയങ്കര സ്റ്റേഷനുകളിൽ കളവുകേസുകളും നിലവിലുണ്ട്. അന്വേഷക സംഘത്തിൽ മെഡിക്കൽ കോളേജ് എസ്ഐ ഇ കെ ഷാജി, അസി. സബ് ഇൻസ്പെക്ടർ ഫിറോസ് പുൽപറമ്പിൽ, ക്രൈം സ്ക്വാഡ് അസി.സബ് ഇൻസ്പെക്‌ടർ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചുലൂർ, രാകേഷ് ചൈതന്യം സൈബർ സെൽ സിപിഒ ലിനിത്ത് എന്നിവരാണുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


