മലപ്പുറം: സ്‌കൂട്ടറില്‍ ഒറ്റക്കു യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്‍ന്ന് ആളൊഴിഞ്ഞ
സ്ഥലത്ത് എത്തുമ്പോള്‍ ഉപദ്രവിക്കുന്നതു പതിവാക്കിയ യുവാവ് പോലീസിന്റെ പിടിയില്‍ . എടക്കര കവുക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്ത് (30) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 13 ാം തിയതി വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.എടക്കരയിലെ ജോലിസ്ഥലത്തുനിന്നും സ്‌ക്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി മുരിങ്ങമുണ്ടയിലെത്തിയപ്പോള്‍ ആളില്ലാത്ത സ്ഥലത്ത് വെച്ച് കയറി പിടിക്കയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ യുവതി വണ്ടിയോടൊപ്പം മറിഞ്ഞു വീണ യുവതി ഉറക്കെ ബഹളം വെച്ചതോടെ പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. മാസ്‌കും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചിരുന്നതിനാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രദേശത്തെ സി സി ടി വി കള്‍ കേന്ദ്രീകരിച്ചും നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതിനിടെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം മനസിലാക്കിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ കൊണ്ടോട്ടി ഒളവറ്റൂരിലുള്ള ജോലിസ്ഥലത്ത് നിന്ന് ഇന്നലെ രാവിലെയാണ് പോലീസ് പിടികൂടിയത്.
വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.അബ്ദ്ുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




