
മലപ്പുറം : പ്രണയാഭ്യർഥന നിരസിച്ചെന്ന പേരിൽ യുവതിയെ യുവാവ് കൂത്തിപ്പരിക്കേൽപ്പിച്ചു. മുണ്ടുപറമ്പ് ബൈപാസിനു സമീപം താമസിക്കുന്ന ഇരുപത്തിയൊമ്പതുകാരിയെയാണ് പാലക്കാട് നല്ലേപ്പള്ളി സ്വദേശി അശ്വിൻ (27) കുത്തിപ്പരിക്കേൽപ്പിച്ചത്.
തിങ്കൾ രാവിലെ ഒമ്പതിന് മലപ്പുറം പെൻഷൻ ഭവൻ റോഡിലാണ് സംഭവം.
അമ്മയെ ജോലിസ്ഥലത്താക്കി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അശ്വിൻ തടഞ്ഞുനിർത്തുകയും കൈയിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് കുത്തുകയുമായിരുന്നു. നിലത്തുവീണ യുവതിയുടെ ഹെൽമറ്റ് വലിച്ചൂരി കഴുത്തിനും തലയ്ക്കും കുത്താനും ശ്രമമുണ്ടായി. ഹെൽമെറ്റ് ഉണ്ടായിരുന്നതിനാൽ വലിയ ദുര ന്തമൊഴിവായി.
ബഹളം കേട്ട് സമീപത്തെ വീടുകളിലെ ആളുകൾ ഓടിക്കൂടിയതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെട്ടു. തലയ്ക്കും കഴുത്തിനും കൈയ്ക്കും പരിക്കേറ്റ യുവതിയെ നാട്ടുകാർ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജുവിൻ്റെ നേതൃത്വത്തിൽ പൊലിസ് സംഭവ സ്ഥലം സന്ദർശിച്ചു. വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മലപുറം പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത‌് യുവാവിനായി തിരച്ചിലാരംഭിച്ചു.
യുവതി സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്‌തിരുന്ന സമയത്ത് അവിടെ മറ്റൊരു സ്ഥാപനത്തിൽ ട്രെയിനിങ്ങിനായി എത്തിയ അശ്വിൻ യുവതിയോട് പ്രണയാഭ്യർഥന നടത്തി.യുവതി ഈ ആവശ്യം നിരാകരിച്ചു. ഇതോടെ അശ്വിൻ യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ‘ഇതിനിടെ യുവതിയുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. പലവട്ടം ഭീഷണി മുഴക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തതോടെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം പൊലീസും സൈബർ പൊലീസും അശ്വിനെ വിളിച്ചുവരുത്തുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



