Section

malabari-logo-mobile

വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് യുവാവ് മരിച്ചു; മലപ്പുറം ജില്ലയില്‍ ജാഗ്രത നിര്‍ദേശം

HIGHLIGHTS : Young man dies of viral hepatitis; Alert issued in Malappuram district

മലപ്പുറം: ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടതായും രോഗത്തിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക അറിയിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ 41 വയസ്സുള്ള പുരുഷനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മെയ് 10 ന് രാവിലെ മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. മാര്‍ച്ച് 19 ന് ഇദ്ദേഹത്തിന്റെ വീട്ടിലുള്ള ഒമ്പതു വയസ്സുകാരി പെണ്‍കുട്ടിക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറും ആരോഗ്യപ്രവര്‍ത്തകരും വീട്ടിലെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിരുന്നു. ഏപ്രില്‍ 22ന് ഈ വ്യക്തിക്ക് ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ സ്ഥിരീകരിക്കുകയും തുടര്‍ന്ന് ഏപ്രില്‍ 26 ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗി പോവുകയുണ്ടായി. കരളിന്റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്ന് അവിടെനിന്നും രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ ഇരിക്കവേ അണുബാധ ഉണ്ടാകുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു.

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ 3184 സംശയാസ്പദമായ വൈറല്‍ ഹെപ്പറ്റൈറ്റിസ് കേസുകളും 1032 സ്ഥിരീകരിച്ച കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ സംശാസ്പദമായ അഞ്ച് മരണങ്ങളും സ്ഥിരീകരിച്ച അഞ്ചു മരണങ്ങളും ഉണ്ടായി. മാര്‍ച്ച് മാസത്തില്‍ ഒരു മരണവും ഏപ്രില്‍ മാസത്തില്‍ നാലു മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പോത്തുകല്ല് ,കുഴിമണ്ണ ,ഒമാനൂര്‍ , പൂക്കോട്ടൂര്‍ ,മൊറയൂര്‍ ,പെരുവള്ളൂര്‍ എന്നീ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭയിലും ആണ് .

sameeksha-malabarinews

_എന്താണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്:_

വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ , ഓക്കാനം , ഛര്‍ദി , കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ കരളിന്റെ പ്രവര്‍ത്തനത്തിനെ ബാധിച്ച് മരണം വരെ സംഭവിക്കാം. അതിനാല്‍ തന്നെ രോഗ ലക്ഷണങ്ങളെ അവഗണിക്കാതെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ തേടേണ്ടതാണ്. അശാസ്ത്രീയ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് പലപ്പോഴും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും.

_പ്രതിരോധ മാര്‍ഗങ്ങള്‍:_

തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിനു മുമ്പും ടോയ്ലെറ്റില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വ്യക്തി ശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. തണുത്തതും പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!