ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു, യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി മര്‍ദനത്തിനിരയാക്കിയ കേസില്‍ യുവദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസില്‍ യുവദമ്പതികള്‍ അറസ്റ്റില്‍. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് 2 യുവാക്കള്‍ അതിക്രൂരപീഡനത്തിനിരയായത്. സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്.

മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരെയും പ്രണയം നടിച്ചാണ് രശ്മി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഭര്‍ത്താവ് ജയേഷ് ആണ് ഇരുവരെയും വീട്ടിലെത്തിച്ചത്. വ്യത്യസ്ത ദിവസങ്ങളിലാണ് യുവാക്കള്‍ ആക്രമണത്തിന് ഇരയായതെന്നും പൊലീസ് പറയുന്നു. യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്‌ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും എഫ്‌ഐആറിലുണ്ട്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്‌ഐആറിലുണ്ട്.

യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരപീഡനം.  കട്ടിലില്‍ കൈകള്‍ കെട്ടിയിട്ടശേഷം വാക്കത്തി കഴുത്തില്‍വെച്ച് കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയും മര്‍ദനം തുടര്‍ന്നു. കമ്പിവടികൊണ്ട് പുറത്തും കൈമുട്ടിനും കാലിനും ശക്തിയായി അടിച്ചുവേദനിപ്പിച്ചെന്നും കരഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി. കൈകളില്‍ കയര്‍ കെട്ടിയശേഷം വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കിയും കട്ടിങ് പ്ലയര്‍കൊണ്ട് മോതിരവിരലില്‍ അമര്‍ത്തിയും പീഡനം തുടര്‍ന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top