ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദം അടുത്ത ആറ് മണിക്കൂറില്‍ (ഇന്ത്യന്‍ സമയം വൈകീട്ട് 5.30 നോട് കൂടി) ഒരു ചുഴലിക്കാറ്റായി മാറുകയും അത് തമിഴ്നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി ബംഗാള്‍ ഉള്‍ക്കടലിലൂടെ മുന്നേറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പിന്നീടുള്ള 24 മണിക്കൂറില്‍ ഒരു തീവ്ര ചുഴലിക്കാറ്റായി മാറി ഏപ്രില്‍ 30 നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി ഏപ്രില്‍ 30 ന് തമിഴ്നാട്-ആന്ധ്ര തീരത്തോട് അടുത്ത് എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രില്‍ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ‘മഞ്ഞ’ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 28 രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഏപ്രില്‍ 29, 30 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഏപ്രില്‍ 29, 30 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഏപ്രില്‍ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുന്നു. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ പ്രത്യേകം ജാഗ്രത പാലിക്കണം.




