‘ഇന്ത കരികാലനുടെ മുഴു റൗഡിത്തരത്തെ നീങ്ക പാത്തതില്ലയാ, ഇനിമെ പാപ്പോം’ റഫീഖ് മംഗലശ്ശേരിയുടെ പേര്

റഫീഖ് മംഗലശ്ശേരിയുടെ ‘പേര് ‘എന്ന പുതിയ നാടകത്തെ കുറിച്ച് ലിജീഷ് കുമാര്‍ എഴുതുന്നു

ഡയോജനീസിനെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു കഥയുണ്ട്, അതിങ്ങനെയാണ്. നാട്ടിലെ പ്രമാണിയായ ഒരാള്‍ ഡയോജനീസിനെ വീട്ടിലേക്ക് ക്ഷണിച്ചു. തന്റെ പ്രിവിലേജുകളില്‍ അഭിരമിക്കുന്ന അല്പനാണയാള്‍. ഡയോജനീസിനോട് ഒരു താല്‍പര്യവും അയാള്‍ക്കില്ല. ലോകമറിയുന്ന തത്വചിന്തകന്‍ അവിടെ വന്നു പോയിട്ടുണ്ട് എന്ന് അഹങ്കരിക്കണം, അത്രയേ അയാള്‍ക്കുള്ളൂ. ഡയോജനീസിന് അതറിയുകയും ചെയ്യാം. ഒരു താത്പര്യവും അയാളോടില്ലെങ്കിലും ഡയോജനീസ് പോയി, ക്ഷണിച്ചതല്ലേ മനോഹരമായ വീടാണ്, ഡയോജനീസ് ചുറ്റും നോക്കി. ഒന്നു തുപ്പണമെന്ന് തോന്നാന്‍ തുടങ്ങിയിട്ട് കുറേ നേരമായി. എന്ത് ചെയ്യും, ‘ഇവിടെയെങ്ങും തുപ്പരുത്’ എന്ന് അവിടെല്ലായിടത്തും എഴുതി വെച്ചിരുന്നു. ഗൃഹനായകന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയിട്ട് ഡയോജനീസ് പറഞ്ഞത്രെ, ”ഇതിനെക്കാള്‍ വൃത്തികെട്ട സ്ഥലം ഈ വീട്ടില്‍ വേറെയില്ല” എന്ന്.

ഇന്നലെ റഫീഖ് മംഗലശ്ശേരിയുടെ പുതിയ നാടകം കണ്ടു. റഫീഖിന്റെ നായകന്‍ ഡയോജനീസ് ആണ്. പ്രിവിലേജുകളില്‍ അഭിരമിക്കുന്ന മനുഷ്യര്‍ അവനെ അവരുടെ തട്ടകത്തിലേക്ക് ക്ഷണിക്കുന്നു. അവനോടൊരു താത്പര്യവുമുണ്ടായിട്ടല്ല, അവന്റെ പ്രശസ്തി കണ്ടാണ്. റഫീഖിന്റെ നായകന്‍ കാര്‍ക്കിച്ച് തുപ്പുന്നത് ഗൃഹനായകന്റെ മുഖത്ത് മാത്രമല്ല. കൊള്ളേണ്ടവരുടെയെല്ലാം മുഖത്ത് അത് ചെന്ന് പതിക്കുന്നുണ്ട്.

മേമുണ്ട സ്‌കൂളിലെ നാടകപ്പുരയിലൊരുങ്ങുന്ന റഫീഖ് മംഗലശ്ശേരിയുടെ പുതിയ നാടകത്തിന് ‘പേര്’ എന്നാണ് പേര്. എന്തൊരു പേരാണ് ല്ലേ പാ രഞ്ജിത്തിന്റെ കാലയിലെ വില്ലന്‍ ഹരിദേവ് അഭയന്‍കാര്‍, കാലയോട് ചോദിക്കുന്ന ചോദ്യമാണ് എനിക്കോര്‍മ്മ വന്നത്, ”കാലാ, എന്തൊരു പേരാണിത് ?” കറുത്ത കുപ്പായവും കറുത്ത മുണ്ടുമാണ് കാലയുടെ വേഷം, വെളുത്ത പൈജാമയും കുര്‍ത്തയുമാണ് ഹരിദേവിന്റേത്. കാല പറയുന്നു, ”കാലാ ന കറുപ്പ്, കാലന്‍ ! കരികാലന്‍ സണ്ടപോട്ട് കാക്കിറവന്‍,” റഫീഖിന്റെ നായകന്‍ കാലയാണ്. ”ഇന്ത കരികാലനുടെ മുഴു റൗഡിത്തരത്തെ നീങ്ക പാത്തതില്ലയാ, ഇനിമെ പാപ്പോം ” എന്ന കാലയുടെ ആക്രോശമാണ് ഈ നാടകത്തിന്റെ കഥ.

സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒരെഴുത്തുകാരനുണ്ട്, ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍. വെള്ളത്തിന്റെ ശക്തിയെക്കുറിച്ച് ഷൈ്വറ്റ്‌സര്‍ ഒരിക്കലെഴുതിയിട്ടുണ്ട്, പ്രത്യേകിച്ച് ഒരു ശക്തിയുമുണ്ടെന്ന് നമുക്ക് തോന്നാത്ത വെള്ളമാണ് പാറയിലുള്ള ഒരു വിടവില്‍ കയറി മഞ്ഞുകട്ടയായി പാറയെ പിളര്‍ക്കുന്നത് എന്ന്, ആവിയായാല്‍ എഞ്ചിന്റെ പിസ്റ്റണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്ന്. കലയും ഇതുപോലെയാണ്. പ്രതിഭാശാലികള്‍ അതിനെ ഉഗ്ര വിസ്‌ഫോടന ശേഷിയുള്ള ബോംബാക്കി മാറ്റും. റഫീഖ്, നാടകം ഏത് ദന്തഗോപുരങ്ങളെയും തകര്‍ക്കാവുന്ന ഡൈനമൈറ്റാണെന്ന നിങ്ങളുടെ ബോധ്യത്തിന് ലാല്‍സലാം.

ഡൈനമൈറ്റിനെക്കുറിച്ച് പറഞ്ഞപ്പഴാണ് ബര്‍ണാഡ് ഷായെ ഓര്‍ത്തത്. ഏതായാലും നാടകത്തെക്കുറിച്ച് എഴുതിയതല്ലേ, ബര്‍ണാഡ് ഷായിലവസാനിപ്പിക്കാം – അല്ലേ ? ഒരിക്കല്‍ ബര്‍ണാഡ് ഷാ ഒരു തമാശ പറഞ്ഞു, ”ഡൈനമൈറ്റ് കണ്ടുപിടിച്ചതിന് ആല്‍ഫ്രഡ് നോബലിനു മാപ്പു കൊടുക്കാം. പക്ഷേ, മനുഷ്യ രൂപമെടുത്ത ഒരു രാക്ഷസനേ നോബല്‍ സമ്മാനം കണ്ടുപിടിക്കാന്‍ കഴിയൂ.” എന്ന്. അവാര്‍ഡുകളുടെ ഒക്കെ സ്ഥിതി എങ്ങനാവുമെന്ന് ആര്‍ക്കറിയാം. ”It is easy to make political films, but difficult to make films politically” എന്ന ഗൊദാര്‍ദിന്റെ നിരീക്ഷണം അവരെ നയിക്കട്ടെ.

മാതൃഭൂമി വാരികയ്ക്ക് വേണ്ടി നടത്തിയ അഭിമുഖത്തില്‍ മജീദ് മജീദിയോട് ഞാനൊരിടത്ത് പറയുന്നുണ്ട്, ലോകത്തെ ഏറ്റവും പ്രശസ്തരായ കുട്ടികള്‍ നിങ്ങളുടെ കുട്ടികളാണ് എന്ന്. റഫീഖ് മംഗലശ്ശേരിയുടെ കുട്ടികള്‍ മജീദ് മജീദിയുടെ കുട്ടികളെപ്പോലെ അവര്‍ ലോകം കീഴടക്കട്ടെ,

Related Articles