Section

malabari-logo-mobile

ഓരോ കത്തും ഓരോ ഹൃദയരാഗമാണ്…

HIGHLIGHTS : ലോക തപാല്‍ദിനമാണിന്ന്. കത്തുകളേയും തപാല്‍ക്കാരനേയും ഓര്‍ക്കാനുള്ള ദിനം. തപാല്‍പെട്ടിയില്‍ കൈതൊട്ടവരും കത്തുകള്‍ പൊട്ടിച്ച് വായിച്ചവരും കാലത്തിന്റെ ...

ലോക തപാല്‍ദിനമാണിന്ന്.
കത്തുകളേയും തപാല്‍ക്കാരനേയും ഓര്‍ക്കാനുള്ള ദിനം.
തപാല്‍പെട്ടിയില്‍ കൈതൊട്ടവരും
കത്തുകള്‍ പൊട്ടിച്ച് വായിച്ചവരും
കാലത്തിന്റെ ഭൂതകാലയോര്‍മ്മകളിലേക്ക് ചേക്കേറിക്കഴിഞ്ഞു.
ഇവയെല്ലാം സ്മാരകങ്ങളായി മാറാന്‍
അധികം ദൂരമൊന്നുമുണ്ടാവില്ല.
ചരിത്ര മ്യൂസിയങ്ങളില്‍
ഇവരും വൈകാതെ പ്രത്യക്ഷപ്പെട്ടേക്കും.
കാലത്തിന്റെ മലവെള്ളപാച്ചിലില്‍
പലതും കുത്തിയൊലിച്ചുപോവും
പഴയതെല്ലാം ഓര്‍മ്മകള്‍ മാത്രമാവും.
വിരല്‍തുമ്പില്‍ വിസ്‌ഫോടനം നടക്കുമ്പോള്‍
ആര്‍ക്കാണ് ഇതിനൊക്കെ നേരം ?
ഒരോ പ്രദേശത്തിന്റേയും
ചലിക്കുന്ന അടയാളങ്ങള്‍ കൂടിയായിരുന്നൂ
ഓരോ തപാല്‍ക്കാരനും.
പിന്നില്‍ തൂങ്ങുന്ന നീളന്‍കുടയും
ഒക്കത്ത് വെച്ച കത്തിന്‍ക്കെട്ടുകളും
വെള്ളമുണ്ടിലും വെള്ളഷര്‍ട്ടിലുമെത്തുന്ന
പോസ്റ്റുമാന്‍ വെലായുധേട്ടന്‍
ഇന്നും ഓര്‍മ്മയായ് ജ്വലിച്ചുനില്‍ക്കുന്നു.
അവരുടെ കാലടികള്‍ പതിയാത്ത
വഴികളും ഇടവഴികളുമുണ്ടായിരുന്നില്ലാ..
അവര്‍ക്കറിയാത്ത പ്രണയങ്ങളും വിരഹങ്ങളുമുണ്ടായിരുന്നില്ല.
ഓരോരുത്തരുടേയും സുഖദുഃഖങ്ങള്‍
അവരുടേതുകൂടിയായിരുന്നു.
വെയിലും മഴയും കുളിരും ചൂടും
ഇവരറിയാതെ കടന്നുപോയില്ല.
പ്രകൃതിയുടെ പ്രതിഭാസങ്ങളിലൂടെ സഞ്ചരിച്ചവര്‍.
നാടിന്റെ ഓരോ സ്പന്ദനങ്ങളും
ഇവരുടേതുകൂടിയായിരുന്നു.
ഒരു കാലത്തിവര്‍ കത്തുകളുമായ് ഓടുകയായിരുന്നുവത്രെ.
വിശപ്പകറ്റാനുള്ള ഇവരുടെ ഓട്ടത്തിനുപിന്നില്‍
ഒരു മെഡല്‍പ്രതീക്ഷയുമില്ലായിരുന്നു.
കത്തുന്ന ജീവിതമായിരുന്നു.
ഇവരോടുമ്പോള്‍ ഇവരോടൊപ്പം
അറ്റത്ത് ചെമ്പുമണികള്‍ കെട്ടിയ
ഒരു ദണ്ഡും ഒപ്പമോടിയിരുന്നു.
ഇവര്‍ക്ക് ഓടാനായ് മാത്രം പ്രത്യേക പാതകളും ഒരുക്കികൊടുത്തിരുന്നു.
പാതകളോട് ചേര്‍ന്ന കടവുകളില്‍
തോണിക്കാര്‍ ഇവരേയും കാത്തുകിടന്നിരുന്നു.
ഇവര്‍ക്കായ് എത്രനേരംവരേയും കാത്തിരിക്കണമായിരുന്നൂ തോണിക്കാര്‍.
സര്‍ക്കാര്‍ നിര്‍ദ്ദേശംകൂടിയായിരുന്നിത്.
ഇവരുടെ ഓട്ടത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍
ഗുരുതരമായ കുറ്റംകൂടിയായിരുന്നത്.
ഇവര്‍ ഓടുന്ന പാതകള്‍ നിരപ്പുള്ളതാക്കാന്‍
ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു.
ഒന്നൊര മണിക്കൂര്‍ തുടര്‍ച്ചയായിവര്‍
തപാല്‍ ഉരുപ്പടികളുമായ് ഓടണമായിരുന്നു.
നിശ്ചിത സ്ഥലത്തെത്തിയാല്‍
മറ്റൊരാളെ ഓട്ടമേല്‍പ്പിക്കും.
മണിശബ്ദം കേള്‍ക്കുന്നതോടെ
അടുത്ത ഓട്ടക്കാരന്‍ റെഡിയായി നില്‍ക്കണം
ബാറ്റണ്‍ കൈമാറുന്നതോടെ അടുത്തയാള്‍ ഓട്ടം തുടരും.
ഓടാതിരിക്കുകയോ
കൃത്യതയോടെ കത്തുകള്‍ കൊടുക്കാതിരുന്നാലോ ശിക്ഷയുമുണ്ട്.
”തപാല്‍ ഓട്ടക്കാരന്‍ കിട്ടുക്രിസ്ത്യാനി
സ്റ്റാമ്പൊട്ടിച്ച അഞ്ച് കത്തുകളുമായ് മുങ്ങിയിരിക്കുന്നു.
ഇയാള്‍ക്ക് നാല് കൊല്ലം കഠിനതടവ് കൊടുക്കുന്നു.
എത്രയും വേഗം ഇയാളെ പിടിച്ച് ജയിലിലെത്തിക്കുക ‘
ആ കാലത്തെ ശിക്ഷയുടെ ചരിത്രരേഖകൂടിയാണിത്.
സാഹിത്യത്തിലും സിനിമയിലുമെല്ലാം
പോസ്റ്റുമാനും കഥാപാത്രങ്ങളാണ്.
പോസ്റ്റ് മാനെ കാണാനില്ല എന്ന പേരില്‍
ഒരു നസീര്‍ സിനിമപോലുമുണ്ട്.
മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചൊരു സിനിമ
ജയരാജിന്റെ ഭയാനകമായിരുന്നു.
തകഴിയുടെ നോവലില്‍ നിന്നെടുത്ത ഒരു ഭാഗമാണ് ആ സിനിമക്ക് ആധാരം.
കുട്ടനാടിന്റെ പശ്ചാത്തലത്തിലുള്ള ഈ സിനിമ നിലവാരം പുലര്‍ത്തിയിട്ടും
ദേശീയ അംഗീകാരം കിട്ടിയിട്ടും
വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടില്ല.
ഒന്നാം ലോകമഹായുദ്ധകാലത്ത്
ദാരിദ്ര്യവും വിശപ്പും സഹിക്കവയ്യാതെ
കുട്ടനാട്ടില്‍ നിന്നും പട്ടാളത്തില്‍ ചേര്‍ന്നവരുടെ കഥയാണ് ഈ സിനിമ.
പ്രധാന കഥാപാത്രം പോസ്റ്റുമാനാണ്.
സിനിമയുടെ ആദ്യഭാഗം
വീടുകളിലേക്ക് പട്ടാളക്കാര്‍ അയക്കുന്ന മണിയോര്‍ഡറുകള്‍ കൊടുക്കുന്ന
പോസ്റ്റ്മാനാണെങ്കില്‍
രണ്ടാം ഭാഗം അവരുടെ മരണവാര്‍ത്തകള്‍ കൊടുക്കേണ്ടിവരുന്ന പോസ്റ്റ്മാനാണ്.
ഒന്നം ഭാഗത്ത് സകലര്‍ക്കും സ്വീകാര്യനായിരുന്നൂ പോസ്റ്റ്മാനെങ്കില്‍
രണ്ടാംഭാഗത്തോടെ സകലര്‍ക്കും വെറുക്കപ്പെട്ടവനായി മാറുകയാണ്.
ഇയാളെ കാണുന്നതോടെ സകല വാതിലുകളും അടയുകയാണ്.
സിനിമയുടെ ഒടുവില്‍
തന്റെ കയ്യിലുള്ള നൂറുകണക്കിന്
മരണസന്ദേശങ്ങള്‍ ആര്‍ക്കും കൊടുക്കാതെ
കായലില്‍ തോണികളായ് ഒഴുക്കിവിടുകയാണ് പോസ്റ്റ്മാന്‍.
ഒരേസമയം സ്വീകാര്യനും വെറുക്കപ്പെട്ടവനുമായി തീരുകയാണ്
ഈ സിനിമയിലെ പോസ്റ്റുമാന്‍.
ഓരോ കത്തുകളും
ഓരോരോ ഓര്‍മ്മകളുടെ ഇലകള്‍കൂടിയാണ്.
ഓരൊന്നിനും ഓരോരോ നിറങ്ങളും
ഓരോരോ ഞരമ്പുകളും
ഓരോരോ ഹൃദയരാഗവുമാണത്.
ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചുനോക്കൂ
സ്‌നേഹത്തിന്റെ കടലിരമ്പുന്നത് കേള്‍ക്കാം.
അനശ്വരമായ പല കത്തുകളും
ലോകത്തെ സ്‌നേഹസ്മാരകങ്ങള്‍ കൂടിയാണ്.
ലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട് പലതും.
ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍
വെറും കത്തുകളായിരുന്നില്ല
ചരിത്രവും വിപ്ലവവും സാഹിത്യവും സംഗീതവും
ലോകത്തെ മാറ്റിമറിച്ച കാവ്യങ്ങള്‍കൂടിയായിരുന്നു.
ഖലീന്‍ ജിബ്രാന്‍ തന്റെ സ്‌നേഹിതക്കയച്ച കത്തുകള്‍ പ്രസിദ്ധമാണ്.
ജീവിതത്തിലൊരിക്കലും കാണണ്ടായെന്ന് തീരുമാനിച്ച ഇവര്‍
കത്തുകളിലൂടെയായിരുന്നൂ സ്‌നേഹം പങ്കിട്ടത്.
ആദ്യത്തെ ഇംഗ്ലീഷ് നോവല്‍പോലും ദീര്‍ഘമായ ഒരു കത്താണ്..
(സാമുവല്‍ റിച്ചാര്‍ഡ്‌സന്‍..പമെല )
ഭൂമിയിലെ ഏറ്റവും ചെറിയ കത്തെഴുതിയത്
മര്‍ക് ട്വയിനായിരുന്നു.
തന്റെ പുസ്തകം പ്രസിദ്ധീകരിച്ച പ്രസാധകന്
അദ്ദേഹം കത്തെഴുതിയത്
വലിയൊരു പേജില്‍ ഒരു ചോദ്യചിഹ്നം മാത്രമിട്ടിട്ടായിരുന്നു.
തന്റെ പുസ്തകം എങ്ങനെ വിറ്റുപോകുന്നൂ എന്നായിരുന്നൂ ആ കത്തിലൂടെ ഉദ്ദേശിച്ചത്.
പ്രസാധകന്‍ അതിലേറെ പിശുക്കനായിരുന്നു.
ഒരു ആശ്ചര്യചിഹ്നം കൊണ്ട് മറുപടിയും കൊടുത്തു..??
കത്തുകളൊക്കെ വായിക്കാന്‍ പൂതിതോന്നുന്നു…
എത്രയോ എഴുതി
എത്രയോ വായിച്ചു.
ഒരു പ്രണയകത്തെഴുതാന്‍ മുട്ടണ്
ആ കാലമൊന്ന് തിരിച്ചുകിട്ടാനും……

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!