പരപ്പനങ്ങാടി: നരസഭ പരിധിയില്‍ ഞായറാഴ്ച സമ്പൂര്‍ണലോക്ക്ഡൗണ്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നഗരസഭയിലെ മത്സ്യം പിടിച്ച് വിപണനം നടത്തുന്ന പ്രദേശങ്ങളായ ഒട്ടുമ്മല്‍ ബീച്ച്, ആലുങ്ങല്‍ ബീച്ച്, ചാപ്പപ്പടി മുതലായ പ്രദേശങ്ങളില്‍ മത്സ്യം കരയ്ക്കടിപ്പിച്ച് ലേലം ചെയ്യുന്നതും മത്സ്യവിപണനവും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വൈകുന്നേരം 4 മണിവരെയും യാഡ് വൃത്തിയാക്കി മത്സ്യം കയറ്റി അയക്കുന്നത് 5 മണിവരെയായും നിജപ്പെടുത്തിയിട്ടുണ്ട്.
കണ്ടെയ്‌മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും (പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ) രാവിലെ 7 മണിമുതല്‍ വൈകീട്ട് 6 മണിവരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വ്വീസ് 8 മണി വരെ നല്‍കാവുന്നതാണ്.
ടര്‍ഫുകളും മറ്റ് ഗ്രൗണ്ടുകളിലുമുള്ള എല്ലാ കലാ കായിക വിനോദങ്ങളും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ആരോധനായങ്ങളിലെ കൂട്ടം കൂടിയുള്ള പ്രാര്‍ത്ഥന ഒഴിവാക്കേണ്ടതാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും ഹോം ഡെലിവറി സൗകര്യം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ചടങ്ങുകള്‍ മുതലായവയില്‍ പരമാവധി 20 ആളുകളെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു.
നഗരസഭയില്‍ ആരംഭിക്കുന്ന സിഎഫ്എല്‍ടിസികളിലേക്ക് ഭക്ഷണം വിതരണം നടത്തുന്നതിന് കുടുംബശ്രീയുമായി ധാരണയിലെത്തിയതായും കൊവിഡ് കെയര്‍ സെന്ററായി പ്രവര്‍ത്തിച്ചിരുന്ന പരപ്പനാട് ടൂറിസ്റ്റ് ഹോം നിലവില്‍ ഉപയോഗ യോഗ്യമല്ലാത്തതിനാല്‍ അറ്റകുറ്റപണികള്‍ക്കായി ഉടമസ്ഥന് വിട്ടുകൊടുക്കാനും തീരുമാനിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിവി ജമീല ടീച്ചറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാ മോണിറ്ററിംഗ് കമ്മറ്റിയില്‍ തീരുമാനമായി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.



