Section

malabari-logo-mobile

തരംഗമായി ലോകകപ്പ് വിജയാഘോഷ പോസ്റ്റ്; ഇന്‍സ്റ്റഗ്രാമിലും ക്രിസ്റ്റ്യാനോയുടെ ആഗോള റെക്കോര്‍ഡ് തകര്‍ത്ത് മെസി

HIGHLIGHTS : World Cup victory celebration post in waves; Messi broke Cristiano's global record on Instagram

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റ് ഇനി ലയണല്‍ മെസിക്ക് സ്വന്തം. ലോകകപ്പ് നേടിയതിനു ശേഷം മെസി പങ്കുവച്ച പോസ്റ്റ് നിലവില്‍ 56 മില്ല്യണിലധികം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.

ഇന്നലെ ഇതേ പോസ്റ്റ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കുവച്ച, മെസിയുമൊത്ത് ചെസ് കളിക്കുന്ന ചിത്രത്തിന്റെ റെക്കോര്‍ഡാണ് പഴങ്കഥ ആയത്. ആ പോസ്റ്റിന് ഇതുവരെ 41.9 മില്ല്യണ്‍ ലൈക്കുകളുണ്ട്.

ലോക ചാമ്പ്യന്മാര്‍ എന്ന തലക്കെട്ടില്‍ മെസി പങ്കുവച്ച പോസ്റ്റാണ് റെക്കോര്‍ഡ് നേട്ടം കുറിച്ചത്. ”ഒരുപാട് തവണ ഞാന്‍ സ്വപ്നം കണ്ടു. ഞാന്‍ ഒരുപാട് ആഗ്രഹിച്ചു. എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ കുടുംബത്തിനു നന്ദി. ഞങ്ങളില്‍ വിശ്വസിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി. അര്‍ജന്റീനക്കാര്‍ പോരാളികളാണെന്നും ഒരുമിച്ച് ശ്രമിച്ചാല്‍ ആഗ്രഹിക്കുന്നത് നേടുമെന്നും നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. വ്യക്തി എന്നതിനു മുകളില്‍ ഈ സംഘത്തിന്റെ കരുത്താണ് ഒരുമിച്ചുള്ള സ്വപ്നത്തിലേക്ക് പൊരുതാന്‍ കരുത്തായത്. നമ്മള്‍ നേടിയിരിക്കുന്നു. വാമോസ് അര്‍ജന്റീന.”- മെസി കുറിച്ചു.

പൊതു അവധി പ്രഖ്യാപിച്ചും ആഘോഷങ്ങള്‍ സംഘടിപ്പിച്ചും അര്‍ജന്റീനയും നായകനും ലോകകപ്പ് നേട്ടമാഘോഷിക്കുമ്പോള്‍, അതിമനോഹരമായ മറ്റൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ലയണല്‍ മെസി.

36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സ്വന്തമാക്കിയ ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങുന്ന ലയണല്‍ മെസിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മെസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ലോകമാകെയുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. ലോകജേതാക്കളായ അര്‍ജന്റീന ബ്യുണസ് അയേഴ്സില്‍ ആഹ്ളാദ പ്രകടനം തുടരുകയാണ്. അര്‍ജന്റീനയില്‍ ഇന്ന് പൊതു അവധിയാണ്. ആരാധകര്‍ വലിയ രീതിയിലുള്ള വരവേല്‍പ്പാണ് മെസിക്കും സംഘത്തിനും നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലാറ്റിന്‍ അമേരിക്കന്‍ ടീമിന്റെ ഫുട്ബോള്‍ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത.

മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണല്‍ മെസിയുടെ അര്ജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. അര്‍ജന്റീനിയന്‍ ടീമിലെ എല്ലാ അംഗങ്ങളും ആരാധകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇന്ന് രാത്രി ടീം, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടില്‍ ചെലവഴിക്കുമെന്നാണ് സ്റ്റേറ്റ് മീഡിയ ഏജന്‍സി ടെലം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ വരവിന് മുന്നോടിയായി തിങ്കളാഴ്ച പരിശീലന സ്ഥലത്ത് നിരവധി ആരാധകര്‍ ക്യാമ്പ് ചെയ്തിരുന്നു,

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ലുസൈല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടില്‍ മെസിയും 36ആം മിനിട്ടില്‍ ഡി മരിയയും നേടിയ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളില്‍ എംബാപ്പെ ഫ്രാന്‍സിനായി ഗോളുകള്‍ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടില്‍ മെസിയിലൂടെ വീണ്ടും അര്‍ജന്റീന ലീഡെടുത്തു. എന്നാല്‍, 118ആം മിനിട്ടില്‍ എംബാപ്പെ തന്റെ ഹാട്രിക്ക് ഗോള്‍ നേടി ഫ്രാന്‍സിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടില്‍ രണ്ടും മൂന്നും കിക്കുകള്‍ ഫ്രാന്‍സ് പാഴാക്കിയപ്പോള്‍ അര്‍ജന്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!