HIGHLIGHTS : Worker dies after being stung by a bee

കാട്ടിക്കുളം:ആലത്തുര്‍ എസ്റ്റേറ്റില്‍ തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളി മരിച്ചു. കാട്ടിക്കുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(62) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലു തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു.
വ്യാഴം പകല്‍ 11.30 ഓടെയാണ് സംഭവം. എസ്റ്റേറ്റിലെ അടിക്കാട് വെട്ടാനെത്തിയതായിരുന്നു വെള്ളു അടക്കമുള്ള തൊഴിലാളികള്‍. പ്രഭാതഭക്ഷണം കൊണ്ടുവരാത്തതിനാല്‍ വെള്ളു സമീപത്തെ കടയിലേക്ക് പോവുകയും മറ്റുള്ളവര്‍ മരച്ചുവട്ടിലിരുന്ന് കഴിക്കുകയുമായിരുന്നു. ഇതിനിടയിലാണ് മരത്തിലെ തേനീച്ചക്കൂട് പരുന്ത് ഇളക്കിയത്. ഇതുകണ്ട മറ്റു നാലുപേരും ഓടി രക്ഷപ്പെട്ടു.
ഈ സമയം ഭക്ഷണം കഴിച്ചുവന്ന വെള്ളുവിനെ തേനീച്ചകള്‍ കുട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഉടന്‍ കാട്ടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മണ്ണുണ്ടിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: വാസു, സുധീഷ്, സിന്ധു. മരുമക്കള്‍: സന്ധ്യ, അമ്മു, കുട്ടന്‍.