24 വര്‍ഷം മുമ്പ് മരിച്ചുപോയ സഹോദരന്റേ പേരില്‍ ആള്‍മാറാട്ടം നടത്തി അധ്യാപകനായി ജോലി ചെയ്തിരുന്ന യുവാവ് പിടിയിലായി. കര്‍ണാടകയിലെ ഹുന്‍സൂരില് ലക്ഷ്മണെ ഗൌഡ എന്നയാളാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. അടുത്തിടെയുണ്ടായ കുടുംബ തര്‍ക്കമാണ് 24 വര്‍ഷത്തോളം ആര്‍ക്കും പിടികൊടുക്കാതെ നടന്ന തട്ടിപ്പ് പൊളിയാന്‍ കാരണമായത്.
അധ്യാപകനായി വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നിയമന ഉത്തരവ് ലഭിച്ച സഹോദരന്‍ ലോകേഷ് ഗൗഡ, ജോലിയില്‍ പ്രവേശിക്കും മുന്‍പു മരിച്ചിരുന്നു. തുടര്‍ന്ന് ലോകേഷിന്റെ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷ്മണ 1998ല്‍ ജോലിയില്‍ പ്രവേശിച്ചു. മൈസൂരിനടുത്ത പെരിയപട്ടണത്തെ മുദ്ദനഹള്ളിയിലും ഹുന്‍സൂരിന് സമീപത്തെ കട്ടേമാലാവന്ദി ഹൈ സ്‌കൂളിലുമായാണ് ഇയാള്‍ ലോകേഷ് എന്ന പേരില്‍ സേവനം ചെയ്തത്.
എന്നാല്‍ 2019ല്‍ അധ്യാപകന്റെ ബന്ധുക്കളെയും ജീവിച്ചിരിക്കുന്ന ബന്ധുക്കളേയും കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിക്കുകയായിരുന്നു. ഇതിനോടകം സമാനമായ പരാതി ലോകായുക്തയിലും എത്തിയിരുന്നു. തുടര്‍ന്ന് ഹുന്‍സൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 24 വര്‍ഷമായി നടത്തിയ ആള്‍മാറാട്ടം മറനീക്കി പുറത്ത് വന്നത്.



