HIGHLIGHTS : Women workers in the construction sector; Public hearing on 5 at Kozhikode
കോഴിക്കോട്: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അവരില്‍ നിന്നും നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിതാ കമ്മിഷന്‍ കോഴിക്കോട് പുതിയറയില്‍ സെപ്തംബര്‍ അഞ്ചിന് രാവിലെ 10 മണി മുതല്‍ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കും. ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുകയും അവര്‍ക്കു വേണ്ട അവകാശ – നിയമ അവബോധം നല്‍കുകയും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോഴിക്കോട് പുതിയറ എസ്.കെ. പൊറ്റക്കാട് കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ എം.പി. പ്രതീഷ് അധ്യക്ഷനായിരിക്കും.
വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ: പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകള്‍ക്ക് വനിതാ കമ്മീഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ നേതൃത്വം നല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു