കോഴിക്കോട് :ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ‘പരിസ്ഥിതിയും സ്ത്രീ പ്രശ്‌നങ്ങളും’ സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.
എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേനയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണം. കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ഹരിതകര്‍മ്മ സേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. കേരളത്തെ മാലിന്യമുക്തമാക്കുന്നതിന് നിരവധി കര്‍മ്മ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക മിഷന്‍ തയാറാക്കി. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്നത് ഹരിതകര്‍മ്മസേനയാണ്. പ്രകൃതിയെയും സമൂഹത്തെയും വരും തലമുറയ്ക്കായി സംരക്ഷിക്കുന്ന ഈ സേനയില്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണ് എന്നത് അഭിമാനകരമാണ്. പൊതുപരിപാടികളിലെല്ലാം കര്‍മ്മനിരതരായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായിരുന്നിട്ടും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളമെന്നത് അഭിമാനകരമാണ്.
സമൂഹത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടി തദ്ദേശസ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതികള്‍ ഏറ്റെടുക്കണം.
ആഗോളതാപനവും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉള്‍പ്പെടെ അതിഭീതിതമായ അവസ്ഥയിലേക്ക് ലോകം ചെന്നെത്തപ്പെട്ടത് 1990ന് ശേഷമാണ്. ആഗോളവത്കരണ നയങ്ങള്‍ ലോക രാഷ്ട്രങ്ങള്‍ അനുവര്‍ത്തിച്ചതാണ് ഇതിലേക്കു നയിച്ചത്. എങ്ങനെയും ലാഭം വാരിക്കൂട്ടുകയെന്ന ലക്ഷ്യത്തില്‍ വളരെ ഹീനവും തെറ്റായതും പ്രകൃതിക്കുതന്നെ ഹാനികരവുമായ സമീപങ്ങളിലൂടെ ആര്‍ത്തി പൂണ്ട സാമ്രാജ്യത്വ ശക്തികള്‍ മുന്നോട്ടുവന്ന സ്ഥിതി ലോകത്ത് സൃഷ്ടിക്കപ്പെട്ടു. ആഗോളതാപനത്തിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വലിയ വ്യാവസായിക കേന്ദ്രങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനം മൂലം ലോകത്ത് ഭീകരമായ പാരിസ്ഥിക പ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
പാരിസ്ഥിതിക പ്രശ്നങ്ങളെ തിരിച്ചറിയാനും ഇടപെടാനും കൂടാതെ ശാശ്വതമായ പരിഹാരം കണ്ടെത്തി വരാനിരിക്കുന്ന നാളുകളില്‍ പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും നമുക്കു കഴിയണം. ഓരോ വീടിന്റെ അകവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിന് കൃത്യമായ ധാരണ മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും ഉണ്ടാകണം. സ്ത്രീകള്‍ക്കാണ് നമ്മുടെ നാടിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സ്തുത്യര്‍ഹമായ പങ്ക് വഹിക്കാന്‍ സാധിക്കുകയെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പലപ്പോഴും വ്യത്യസ്ത ലിംഗപദവികളെ വ്യത്യസ്തമായാണ് ബാധിക്കുന്നത്. പാരിസ്ഥിതികമായ ഏത് പ്രശ്‌നങ്ങളിലും സാഹചര്യങ്ങളിലും സ്ത്രീകള്‍ പലപ്പോഴും ആനുപാതികമല്ലാത്ത ഭാരം വഹിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തെപ്പറ്റി കൂടുതല്‍ അറിയാനും ചര്‍ച്ച ചെയ്യാനുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറില്‍ ‘സുസ്ഥിര പരിസ്ഥിതി സംരക്ഷണം: ലിംഗപദവി വികസന വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍ സാമൂഹ്യ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ സി.എസ്. ചന്ദ്രികയും ‘പ്രകൃതി ദുരന്തങ്ങള്‍: സ്ത്രീപക്ഷ സമീപനം’ എന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചനയും സംസാരിച്ചു. സംസ്ഥാന സെമിനാറിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം പശ്ചാത്തലമാക്കി പ്രശസ്ത മാന്ത്രികന്‍ രാജീവന്‍ മേമുണ്ട അവതരിപ്പിച്ച മാജിക് ഷോയും അരങ്ങേറി.
വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.പി. ജമീല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.പി. നിഷ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. റീന, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. സിന്ധു എന്നിവര്‍ സംസാരിച്ചു.




