
എറണാകുളം പറവൂരിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ നോർത്ത് പറവൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
പറവൂർ ഡോൺ ബോസ്കോ ആശുപത്രിക്കെതിരെയാണ് മരിച്ച കാവ്യാ മോളുടെ കുടുംബം പരാതി നൽകിയത്. ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് ഡോൺബോസ്കോ ആശുപത്രി അധികൃതരുടെ വിശദീകരണം. ആരോഗ്യമന്ത്രിക്ക് അടക്കം കുടുംബം പരാതി നൽകും.
ബുധനാഴ്ച വൈകിട്ടാണ് കാവ്യ മരണപ്പെടുന്നത്. ഡിസംബർ 24-ാം തിയതിയാണ് പറവൂരിലെ ഡോൺ ബോസ്‌കോ ആശുപത്രിയിൽ കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. കാവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് വലിയ രീതിയിൽ രക്തസ്രാവമുണ്ടായി. അന്ന് വൈകുന്നേരത്തോടെ കാവ്യയ്ക്ക് ഹൃദയാഘാതവുമുണ്ടായി. പിന്നീട് കാവ്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
കാവ്യയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തുവെങ്കിലും ആ ആശുപത്രിയിലെത്തിയപ്പോഴേക്കും ജീവൻ നഷ്ടമാകുകയായിരുന്നു. പിഴവുണ്ടായിട്ടില്ലെന്നും അപൂർവമായി ഇങ്ങനെ അമിത രക്തസ്രാവമുണ്ടാകാറുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




