കരിപ്പൂരില്‍ ഒരുകിലോ എംഡിഎംഎയുമായി യുവതി അറസ്റ്റില്‍; സ്വീകരിക്കാനെത്തിയ 3 പേരും പിടിയില്‍

കോഴിക്കോട്: മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനില്‍നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസ് പിടിയില്‍. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍ എസ് സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.

സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി പി ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം മുഹമ്മദ് റാഫി (37) എന്നിവരെയും ഇന്‍സ്‌പെക്ടര്‍ എ അബ്ബാസലിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു.

സൂര്യയെയും സ്വീകരിക്കാനെത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു. ലഗേജിനുള്ളില്‍ മിഠായിയുടെ പായ്ക്കറ്റുകള്‍ക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചത്. എംഡിഎംഎ അടങ്ങിയ ലഗേജ് കൊടുത്തയച്ച ആളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top