സഖ്യമില്ലെങ്കിലും വെല്‍ഫെയറിന്റെ പിന്തുണയില്‍ പരിക്ക്‌ കുറിച്ച്‌ മലപ്പുറത്തെ യുഡിഎഫ്‌

മലപ്പുറം:  സംസ്ഥാനത്ത്‌ വലിയ ഇടതുതരംഗം ആഞ്ഞടിച്ചപ്പോളും മലപ്പുറത്ത്‌ മുസ്ലീംലീഗിന്‌ വലിയ വീഴ്‌ചകള്‍ സംഭവക്കാതിരുന്നതന്‌ പിറകില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഹായം കൂടി ലഭിച്ചെന്ന്‌ കണക്കുകള്‍. ജമാഅത്തെ ഇസ്ലാമിക്ക്‌ വ്യക്തമായ വോട്ടുള്ള മങ്കടയിലും, പെരിന്തല്‍മണ്ണയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യുഡിഎഫിനെ സഹായിച്ചത്‌ കൊണ്ടുമാത്രമാണ്‌ രണ്ടിടത്തും യുഡിഎഫ്‌ വിജയിച്ചതെന്ന്‌ വ്യക്തമാകുന്നതാണ്‌ തിരഞ്ഞെടുപ്പ്‌ ഫലം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2016ല്‍ ജില്ലയിലെ 12 ഇടത്ത്‌ മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ മത്സരിച്ചത്‌ അഞ്ചിടത്ത്‌ മാത്രമാണ്‌. സാധാരണഗതിയില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കുകയും ദുര്‍ബലമായ ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കലുമാണ്‌ രാഷ്ട്രീയപാര്‍ട്ടികളുടെ പതിവ്‌. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ തങ്ങള്‍ക്ക്‌ 2016 ഏറ്റവുമധികം വോട്ട്‌ ലഭിച്ച മങ്കടയില്‍ പോലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. നാലായിരം വോട്ടായിരുന്നു കഴിഞ്ഞ തവണ മങ്കടയില്‍ അവര്‍ക്ക്‌ ലഭിച്ചത്‌. എസ്‌ഡിപിഐയും ഇവിടെ ഇത്തവണ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ഇത്‌ വോട്ട്‌ മറിച്ചതാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിക്കഴിഞ്ഞു.

പെരിന്തല്‍മണ്ണയിലും ഇത്തവണ വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥിയില്ലാഞ്ഞത്‌ മുസ്ലീംലീഗിന്‌ ഗുണകരമായി 38 വോട്ടിന്‌ യുഡിഎഫ്‌ ഈ സീറ്റ്‌ നിലനിര്‍ത്തുമ്പോള്‍ കഴിഞ്ഞ തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്ക്‌ 1757 വോട്ട്‌ ലഭിച്ചിരുന്ന മണ്ഡലമാണെന്നുള്ള കണക്കും ഇതിനെ സാധൂകരിക്കുന്നു.

ജലീലിനെതിരെ ഫിറോസ്‌ കുന്നംപറമ്പില്‍ മത്സരിച്ച തവനൂരിലും ഇത്തവണ വെല്‍ഫെയര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. കൂടാതെ വെല്‍ഫെയര്‍ തങ്ങളുടെ രാഷ്ട്രീയനിലപാട്‌ യുഡിഎഫിന്‌ അനുകൂലമാണെന്ന്‌ ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ്‌ തോറ്റാല്‍ കോണ്‍ഗ്രസ്‌ ബിജെപിയാകുമെന്ന പ്രചരണം ഉയര്‍ത്തി മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ലീഗ്‌ നടത്തിയ നിശബ്ദപ്രചാരണത്തിന്റെ ബുദ്ധികേന്ദ്രം ജമാ അത്തെ ഇസ്ലാമിയാണെന്നാണ്‌ സിപിഎം കേന്ദ്രങ്ങളുടെ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ രൂപം കൊണ്ട ഈ കൂട്ടുകെട്ട്‌ ഇപ്പോഴും പ്രദേശിക ഭരണസമിതികളായി നിലനില്‍ക്കുന്നതും ഈ ബാന്ധവത്തിന്‌ ഗുണകരമായി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •